നിലമ്പൂർ: ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ കേന്ദ്ര സർക്കാർ കേരളത്തോട് പ്രതികാരനടപടി സ്വീകരിക്കുന്നതായി കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ. കവളപ്പാറ ദുരന്തത്തെത്തുടർന്ന് പോത്തുകൽ പഞ്ചായത്ത് ഓഫീസിൽ ചേർന്ന യോഗത്തിലാണ് മന്ത്രി കേന്ദ്രത്തെ കുറ്റപ്പെടുത്തിയത്. കേന്ദ്ര സർക്കാരിന്റെ മാനദണ്ഡങ്ങൾ അനുസരിച്ചുള്ള ധനസഹായം കേരളത്തിന്റെ പുനർ നിർമാണ പ്രവർത്തനങ്ങൾക്കും ദുരന്തമേഖലയിലെ പുനരധിവാസ പ്രവർത്തനങ്ങൾക്കും അപര്യാപ്തമാണ്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി കേന്ദ്രം കൂടുതൽ തുക അനുവദിക്കണം. ദുരന്തബാധിതരുടെ കാർഷിക കടങ്ങൾ എഴുതിത്തള്ളാനുള്ള സാമ്പത്തിക ഭദ്രത സംസ്ഥാന സർക്കാരിനിപ്പോഴില്ല.

ജില്ലയിൽ 4500-ഹെക്ടർ കൃഷിഭൂമിയാണ് നാശം നേരിട്ടത്. 2400-ഹെക്ടറിൽ മണ്ണിടിഞ്ഞും ഒലിച്ചുപോയും നശിച്ചു. റവന്യൂ, ഗ്രാമപ്പഞ്ചായത്ത്, കൃഷിവകുപ്പ്, വിവിധ ബാങ്കുകൾ എന്നിരുടെ യോഗം അടിയന്തരമായി ചേർന്ന് നഷ്ടം വിലയിരുത്തും. സെപ്റ്റംബർ ഏഴുവരെ നാശനഷ്ടം നേരിട്ടവർക്ക് അപേക്ഷ സമർപ്പിക്കാൻ കഴിയും. അത്യാവശ്യമെങ്കിൽ തീയതി നീട്ടും.

കാർഷിക കടങ്ങളുള്ള കർഷകർക്കെതിരായ നടപടികൾ പൂർണമായും ബാങ്കുകൾ നിർത്തിവെക്കണമെന്നും അദ്ദേഹം പറഞ്ഞു. പി.വി. അൻവർ എം.എൽ.എ., ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി. സുഗതൻ, ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് സി. കരുണാകരൻപിള്ള എന്നിവർ യോഗത്തിൽ പങ്കെടുത്തു. തുടർന്ന് കവളപ്പാറ, പാതാർ, മുണ്ടേരി തുടങ്ങിയ ദുരിതബാധിത പ്രദേശങ്ങളും മന്ത്രി സന്ദർശിച്ചു.