നിലമ്പൂർ: കവളപ്പാറ ദുരന്തത്തിൽ വീടുകൾ നഷ്ടപ്പെട്ടവർക്ക് വീടു െവക്കുന്നതിന് സ്ഥലം കണ്ടെത്തിയതായി പി.വി. അൻവർ എ.എൽ.എ. ഭൂദാനം മദ്രസയിൽച്ചേർന്ന യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഉപ്പട പൊട്ടൻതരിപ്പയിലും കൈപ്പിനി കോട്ടമലയിലുമാണ് അനുയോജ്യമായ സ്ഥലം കണ്ടെത്തിയത്.
പൊട്ടൻതരിപ്പയിൽ ആറര ഏക്കർ ഭൂമിയാണ് കണ്ടെത്തിയത്. മുപ്പത് കുടുംബങ്ങൾക്കായി ഇത് വീതിച്ചുനൽകും. ബാക്കിയുള്ള ഇരുപതിലേറെ കുടുംബങ്ങളെ കോട്ടമലയിൽ പുനരധിവസിപ്പിക്കും. ഭൂമി നറുക്കിട്ടായിരിക്കും വീതിച്ച് നൽകുക. ഏറ്റെടുത്ത ഭൂമിയിൽ പ്രമുഖ കമ്പനി അറുപതു വീടുകൾ നിർമിച്ചുനൽകുമെന്ന് അറിയിച്ചിട്ടുണ്ട്. ആറുലക്ഷം രൂപ ഭൂമിക്കും നാലുലക്ഷം വീട് നിർമാണത്തിനുമാണ് സർക്കാർ അനുവദിക്കുന്നത്.
സന്നദ്ധസംഘടനകളും സ്ഥാപനങ്ങളും വീടുകൾ നിർമിച്ചുനൽകുന്നതിനാൽ അതിനുള്ള പണം ദുരിതബാധിതരുടെ അക്കൗണ്ടുകളിൽ നിക്ഷേപിക്കാനാണ് തീരുമാനം. കവളപ്പാറയിൽ തെരുവു വിളക്കുകൾ പത്തു ദിവസത്തിനുള്ളിൽ സ്ഥാപിക്കും.
കവളപ്പാറ, മുത്തപ്പൻകുന്ന് തുടങ്ങിയ പ്രദേശങ്ങൾ വാസയോഗ്യമാണോ എന്നതുസംബന്ധിച്ച് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ നടത്തിയ പഠനങ്ങളുടെ റിപ്പോർട്ട് രണ്ടാഴ്ചയ്ക്കുള്ളിൽ ലഭ്യമാകും. മറ്റൊരു സംഘം നടത്തിയ വിശദപഠന റിപ്പോർട്ടുകൂടി ലഭിച്ചശേഷം മാത്രമേ ഇത് പ്രസിദ്ധപ്പെടുത്തൂ.
കവളപ്പാറ ദുരന്തത്തിൽ മരിച്ച നവൂരിപറമ്പിൽ സുകുമാരൻ -രാധാമണി ദമ്പതിമാരുടെ കുടുംബത്തിന് സർക്കാർ അനുവദിച്ച നഷ്ടപരിഹാരത്തുകയിൽനിന്ന് ഒരുവിഹിതം ഇവരുടെ മകൻ സുമോദ് യോഗത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി. ഭൂദാനം സെന്റ് ജോർജ് ദേവാലയ വികാരി ഫാ. ജോൺസൺ പള്ളിപ്പടിഞ്ഞാറ്റേതിൽ, ജമാൽ സ്രാമ്പിക്കൽ എന്നിവർ പ്രസംഗിച്ചു. ദുരിതബാധിതരായ നൂറിലേറെ ആളുകൾ യോഗത്തിൽ പങ്കെടുത്തു.