നിലമ്പൂർ: പോത്തുകല്ല് ഭൂദാനം കവളപ്പാറയിലെ ഉരുൾപൊട്ടലിൽ കാണാതായവർക്കുവേണ്ടിയുള്ള തിരച്ചിൽ അവസാനിപ്പിച്ചു. പതിനൊന്നുപേരെ കണ്ടെത്താനാകാതെ വേദനയോടെയാണ് രക്ഷാസേനയുടെ പിൻവാങ്ങൽ.

ദുരന്തത്തിൽ മരിച്ചവർക്കും കാണാതായവർക്കും ആദരാഞ്ജലികൾ അർപ്പിച്ച് രക്ഷാസേന വൈകീട്ട് മൂന്ന് മണിയോടെ മടങ്ങി. പോത്തുകല്ല് പഞ്ചായത്ത് ഹാളിൽ തിങ്കളാഴ്ച വിളിച്ചുചേർത്ത യോഗത്തിലാണ് കാണാതായവരുടെ ബന്ധുക്കളുടെ സമ്മതത്തോടെ തിരച്ചിൽ അവസാനിപ്പിക്കാൻ തീരുമാനിച്ചത്. കാണാതായവരെ സർക്കാരിന്റെ പ്രത്യേക ഉത്തരവനുസരിച്ച് മരിച്ചതായി കണക്കാക്കി അവരുടെ ആശ്രിതർക്ക് ആനുകൂല്യങ്ങൾ നൽകുമെന്ന് ജില്ലാകളക്ടർ ജാഫർ മാലിക് കഴിഞ്ഞ ദിവസത്തെ യോഗത്തിൽ ഉറപ്പുനൽകിയിരുന്നു.

അവസാനദിനമായ ചൊവ്വാഴ്ച മൂന്ന് മണ്ണ് മാന്ത്രി യന്ത്രങ്ങൾ തിരച്ചിലിന് ഒരുക്കിയിരുന്നു. എന്നാൽ തലേദിവസം പ്രദേശത്തുണ്ടായ കനത്ത മഴയെത്തുടർന്ന് യന്ത്രങ്ങൾ പ്രവർത്തിപ്പിക്കാനായില്ല. ചിലരുടെ മൃതദേഹങ്ങൾ കണ്ടെത്താൻ സാധ്യതയുള്ള കവളപ്പാറ തോടിന് സമീപം ബന്ധുക്കൾ നിർദ്ദേശിച്ച സ്ഥലത്തായിരുന്നു തിരച്ചിൽ നടത്താൻ തീരുമാനിച്ചിരുന്നത്. തോട് ഗതിമാറ്റി വിട്ടെങ്കിലും മണ്ണുംചെളിയും നിറഞ്ഞതിനാൽ യന്ത്രം ഈ ഭാഗത്ത് ഇറക്കാനായില്ല.

കഴിഞ്ഞ എട്ടിനുണ്ടായ ദുരന്തത്തിൽ കവളപ്പാറ കോളനിക്കാർ ഉൾപ്പെടെ 59 പേരെയാണ് കാണാതായത്. 48 മൃതദേഹങ്ങൾ കണ്ടെടുക്കാനായി.

രക്ഷാദൗത്യത്തിൽ പങ്കെടുത്ത വിവിധ സന്നദ്ധ സംഘടനാ പ്രവർത്തകർക്ക് രക്ഷാസേന നന്ദിയർപ്പിച്ചു.