നിലമ്പൂർ: കവളപ്പാറ ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് സഹായധനം വിതരണംചെയ്തു. പോത്തുകൽ ഓഡിറ്റോറിയത്തിൽ പ്രവർത്തിക്കുന്ന ക്യാമ്പിൽ നടന്ന ചടങ്ങിൽ 35 പേരുടെ കുടുംബങ്ങൾക്കാണ് ആദ്യഘട്ടത്തിൽ സഹായധനം വിതരണംചെയ്തത്. ജില്ലയുടെ ചുമതലയുള്ള മന്ത്രി കെ.ടി. ജലീൽ ഉദ്ഘാടനംചെയ്തു.
ദുരന്തത്തിൽ ബാക്കിയായവർക്ക് മുന്നോട്ടുള്ള ജീവിതസാഹചര്യങ്ങളെല്ലാം ഒരുക്കേണ്ടതുണ്ടെന്നും മനുഷ്യസാധ്യമായതെല്ലാം സർക്കാർ ചെയ്യുമെന്നും മന്ത്രി പറഞ്ഞു. അപകടത്തിൽ മരിച്ച എല്ലാവർക്കും നടപടിക്രമങ്ങൾ പൂർത്തിയാക്കി എത്രയുംവേഗം സർക്കാർ പ്രഖ്യാപിച്ച സഹായധനം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ആശ്രിതരുടെ കാര്യത്തിൽ വ്യക്തത വരുത്തിയശേഷം അവശേഷിക്കുന്നവർക്കുള്ള സഹായങ്ങളും വിതരണംചെയ്യുമെന്ന് മന്ത്രി പറഞ്ഞു. പി.വി. അൻവർ എം.എൽ.എ അധ്യക്ഷനായി. പി.വി. അബ്ദുൽവഹാബ് എം.പി. മുഖ്യാതിഥിയായിരുന്നു. ദുരിതാശ്വാസക്യാമ്പിൽ കഴിയുന്ന കുടുംബങ്ങൾക്കുള്ള ഓണപ്പുടവ പി.വി. അബ്ദുൽവഹാബ് എം.പി. വിതരണംചെയ്തു. കവളപ്പാറ ദുരന്തത്തിൽ രക്ഷാപ്രവർത്തനമുൾപ്പെടെ സ്തുത്യർഹമായ സേവനംചെയ്ത എല്ലാ വിഭാഗങ്ങളെയും ആദരിച്ചു. കളക്ടർ ജാഫർ മാലിക്, ഡെപ്യൂട്ടി കളക്ടർ ഡോ. ജെ.ഒ. അരുൺ, നിലമ്പൂർ ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് പി.പി. സുഗതൻ, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി. കരുണാകരൻപിള്ള, തഹസിൽദാർ വി. സുഭാഷ് ചന്ദ്രബോസ് എന്നിവർ സംസാരിച്ചു.