എടപ്പാൾ: കാസർകോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിന്റെയും ശരത്‌ലാലിന്റെയും കൊലപാതകത്തിൽനിന്ന് സി.പി.എമ്മിനും മുഖ്യമന്ത്രിയടക്കമുള്ള സംസ്ഥാന നേതൃത്വത്തിനും ഒഴിഞ്ഞുമാറാനാവില്ലെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ് പറഞ്ഞു. ഇരുവരുടെയും ചിതാഭസ്മവും വഹിച്ചുള്ള ധീര സ്മൃതിയാത്രയ്ക്ക് എടപ്പാളിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേസ് അട്ടിമറിക്കാനുള്ള നീക്കത്തെ യൂത്ത് കോൺഗ്രസ് സർവശക്തിയുമെടുത്ത് ചെറുക്കുമെന്നും സി.ബി.ഐ. അന്വേഷണത്തിലൂടെ സത്യം പുറത്തുകൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

പൊതുയോഗത്തിൽ നിയോജക മണ്ഡലം പ്രസിഡന്റ് രഞ്ജിത് തൊറയാറ്റിൽ അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് സി.ആർ. മഹേഷ്, യു.ഡി.എഫ്. ജില്ലാ ചെയർമാൻ പി.ടി. അജയ്‌മോഹൻ, ഡി.സി.സി. പ്രസിഡന്റ് വി.വി. പ്രകാശ്, ടി.പി. മുഹമ്മദ്, വി.പി. അബ്ദുൾറഷീദ്, ഇ.പി. രാജീവ്, സിദ്ധിഖ് പന്താവൂർ, എ.എം. രോഹിത്, ടി.എം. മനീഷ് എന്നിവർ പ്രസംഗിച്ചു.

രക്തസാക്ഷികളുടെ ചിത്രത്തിൽ ഏറെപേർ പുഷ്പാർച്ചന നടത്തി. ഇവരുടെ കുടുംബത്തിനുള്ള സഹായനിധി ശേഖരണവും നടന്നു. ഉച്ചയോടെ തേഞ്ഞിപ്പലത്തെത്തിയ യാത്ര സർവകലാശാല, തിരൂർ, എടപ്പാൾ എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം പാലക്കാട് ജില്ലയിലേക്ക് കടന്നു.

Content Highlights: kasargod murder; youth congress leader dean kuriakose against cpm