കരുവാരക്കുണ്ട്: വിദ്യാർഥിപ്രതിഭയ്ക്ക് അവാർഡ്തുക സമർപ്പിച്ച് സംസ്ഥാനത്തെ അധ്യാപക അവാർഡ്‌ജേതാവ് .

സംസ്ഥാന അധ്യാപക അവാർഡ്‌ജേതാവും, കാളികാവ് ബസാർ ജി.യു.പി. സ്കൂൾ അധ്യാപകനുമായ ഗിരീഷ് മാരേങ്ങലത്താണ് അവാർഡ്‌തുക കരുവാരക്കുണ്ട് ഗവ. ഹയർസെക്കൻഡറി സ്കൂളിലെ ഏഴാംക്ലാസ് വിദ്യാർഥി രഞ്ജിത്തിന് സമ്മാനിച്ചത്.

കൽക്കുണ്ട് തുരുമ്പോടയിലെ തേന്മാവിൻവിളയിൽ ബിന്ദുവിന്റെ മകനാണ് രഞ്ജിത്ത്. പുറമ്പോക്കിലെ ഓലഷെഡ്ഡിലായിരുന്നു ഈ കുടുംബത്തിന്റെ താമസം. ഇക്കഴിഞ്ഞ പ്രളയത്തിൽ ഇവരുടെ വീട് പുഴയെടുത്തിരുന്നു. ദുരിതാശ്വാസ ക്യാമ്പിലും ഇപ്പോൾ വാടകപ്പുരയിലുമാണ് ഇവരുടെ താമസം.

ന്യു മാത്‌സ് പരീക്ഷയിൽ വിജയിച്ച ജില്ലയിലെ ഏഴുപേരിൽ ഒരാളാണ് രഞ്ജിത്ത്. സ്കൂളിൽ നടന്ന ചടങ്ങിൽ ഗിരീഷ്, രഞ്ജിത്തിന് ചെക്ക് കൈമാറി. പ്രഥമാധ്യാപകൻ ടി. രാജേന്ദ്രൻ, എ. അപ്പുണ്ണി, സുനിൽ പുലിക്കോട്, കെ. രാംദാസ്, കെ. നാസർ എന്നിവർ സംസാരിച്ചു. ഗിരീഷിനുള്ള സ്കൂളിന്റെ ഉപഹാരം സി. ഗോപാലകൃഷ്ണൻ കൈമാറി.

Content Highlights: Karuvarakkundu kerala best school teacher award winner donates his prize money for student