കരുളായി: ചെറുപുഴയിൽ നടക്കുന്ന കളിമൺഖനനം ഒരുനാടിനെ ഭീതിയിലാക്കുന്നു. പുഴ ഗതിമാറി നാട്ടിലൂടെ ഒഴുകുമോയെന്നാണ് ഇവിടുത്തുകാരുടെ ഭീതി.

അനുമതിയോടെയാണ് ഖനനമെങ്കിലും വനാതിർത്തിക്കുസമീപം പുഴയോരത്ത് എങ്ങനെ അനുമതി ലഭിച്ചുവെന്നാണ് നാട്ടുകാർ ചോദിക്കുന്നത്. 20 സെന്റ് സ്ഥലത്ത് ഖനനം നടത്താനാണ് അനുമതിയുള്ളത്. ഒരാഴ്ചയായി ഖനനം തുടങ്ങിയിട്ട്.

മണ്ണെടുപ്പ് ഇപ്പോൾ പുഴനിരപ്പിൽനിന്ന്‌ താഴ്ന്നു തുടങ്ങിയിട്ടുണ്ട്. ഇത് തുടർന്നാൽ വർഷകാലത്ത് പുഴ കരകവിയുമ്പോൾ ഇവിടെ ഇടിഞ്ഞ് പുഴയുടെ ഗതിമാറാൻ ഇടയാകുമെന്ന് നാട്ടുകാർ പറയുന്നു.

നിത്യേന അനവധി ലോഡ് മണ്ണാണ് ഇവിടെനിന്ന്‌ കൊണ്ടുപോകുന്നത്. നാട്ടുകാരുടെ പ്രതിഷേധം അധികൃതർ കണ്ടില്ലെന്നു നടിക്കുകയാണെന്നും ആക്ഷേപമുണ്ട്. മണ്ണെടുപ്പ് തുടർന്നാൽ അത് പുഴയുടെയും വനത്തിന്റെയും നാശത്തിന് കാരണമാകുമെന്നും പറയുന്നു. അനുമതിയുടെ മറവിൽ വൻതോതിൽ അനധികൃതകടത്തും നടക്കുന്നുണ്ടെന്ന് ആരോപണമുണ്ട്. കളിമൺ ഖനനത്തിനെതിരേ കടുത്ത പ്രക്ഷോഭപരിപാടികൾക്ക് ഒരുങ്ങുകയാണ് പ്രദേശവാസികൾ.