കരുളായി: സൈക്കിൾ യാത്ര ശീലമാക്കൂ ആരോഗ്യവും ഇന്ധനവും സംരക്ഷിക്കൂ എന്ന സന്ദേശംപകർന്ന് ശ്രീകുമാർ മാഷിന്റെ സൈക്കിൾ യാത്ര തുടങ്ങിയിട്ട് ആറുമാസം പിന്നിട്ടു. പരിസ്ഥിതിപ്രവർത്തകനായ കരുളായി ശ്രീലകത്തിൽ ശ്രീകുമാർ തന്റെ ചെറുയാത്രകൾ സൈക്കിളിലാക്കിയാണ് പരിസ്ഥിതിപ്രവർത്തനം നടത്തുന്നത്.

സന്ദേശം എഴുതിയ ഒരു ബോർഡും ശ്രീകുമാറിന്റെ സൈക്കിളിനു മുന്നിലുണ്ട്. പുള്ളിയിൽ ഗവ. യു.പി.സ്‌കൂളിലെ അധ്യാപകനായ ഇദ്ദേഹം സ്‌കൂളിലേക്കും തിരിച്ചുമുള്ള യാത്രകളും സൈക്കിളിലാണ് നടത്തുന്നത്.

വീട്ടിൽനിന്ന് സ്‌കൂളിലേക്ക് രണ്ടരക്കിലോമീറ്റർ ദൂരമുണ്ട്. ആരോഗ്യസംരക്ഷണവും പരിസ്ഥിതിസംരക്ഷണവും പരിസ്ഥിതിപ്രവർത്തകൻ എന്നനിലയിൽ തന്റെ ഉത്തരവാദിത്വമാണെന്ന തോന്നലാണ് സൈക്കിൾ ഉപയോഗിക്കാൻ കാരണമെന്ന് ശ്രീകുമാർ പറഞ്ഞു. കാലങ്ങളായി തുണിസഞ്ചി ഉപയോഗിക്കുന്ന ഇദ്ദേഹം സ്വന്തമായുണ്ടാക്കിയ സോപ്പാണ് ഉപയോഗിക്കാറുള്ളത്. നാട്ടിലെ പരിസ്ഥിതി, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ നിറസാന്നിധ്യമാണ് ഇദ്ദേഹം. ശാസ്ത്രസാഹിത്യപരിഷത്ത് നിലമ്പൂർ മേഖലാ വൈസ് പ്രസിഡന്റ്, യുവകലാസാഹിതി ജില്ലാകമ്മിറ്റിയംഗം, അച്യുതമേനോൻ സ്മാരകസമിതിയുടെ പ്രധാന പ്രവർത്തകൻ, പാലിയേറ്റീവ് കമ്മിറ്റിയംഗം എന്നീനിലകളിൽ പ്രവർത്തിക്കുന്നു.

ചങ്ങനാശ്ശേരി സ്വദേശിയായ ശ്രീകുമാർ 25 വർഷമായി കരുളായിയിലാണ് താമസം. അധ്യാപനരംഗത്തെത്തിയിട്ട് 34 വർഷമായി. ഭാര്യ ലാജി കരുളായി കെ.എം. ഹയർസെക്കൻഡറി സ്‌കൂൾ അധ്യാപികയാണ്. രണ്ട് മക്കളുണ്ട്.