കരുളായി: നിലമ്പൂർ വനമേഖലയിലെ പക്ഷികളുടെ കണക്കെടുപ്പിന് കരുളായിയിൽ തുടക്കമായി. കരിമ്പുഴ വന്യജീവി സങ്കേതമാക്കുന്നതിന്റെ ഭാഗമായാണ് പക്ഷികളുടെ കണക്കെടുപ്പ് നടത്തുന്നത്. നിലമ്പൂർ സൗത്ത് ഡിവിഷനുകീഴിലെ കരുളായി, കാളികാവ് റെയ്ഞ്ചുകളുടെ പരിധിയിൽവരുന്ന വനപ്രദേശങ്ങളിലാണ് കണക്കെടുപ്പ് നടത്തുന്നത്. വനംവകുപ്പും മലബാർ നാച്വറൽ ഹിസ്റ്ററി സൊസൈറ്റിയും ചേർന്നാണ് സർവേ നടത്തുന്നത്. മാർച്ച് മൂന്നിന് സമാപിക്കും. നിലമ്പൂർ വനമേഖലയിൽ വനംവകുപ്പ് നടത്തുന്ന ആദ്യത്തെ പക്ഷികളുടെ കണക്കെടുപ്പാണിത്.

കേരളത്തിലെ വിവിധജില്ലകളിൽ നിന്നെത്തിയവരും ഊട്ടി, ബെംഗളൂരു എന്നിവിടങ്ങളിൽ നിന്നുള്ളവരുമടക്കം നാൽപ്പതോളംപേരാണ് കണക്കെടുപ്പിനെത്തിയിട്ടുള്ളത്. സർവേക്ക്‌ എത്തിയവരെ ഏഴ് ഗ്രൂപ്പുകളാക്കി കരുളായി കാളികാവ് റെയ്ഞ്ചുകളിലെ പാണപ്പുഴ, സായിവിള, പൂളക്കപ്പാറ, മൈലമ്പാറ, താന്നിപൊട്ടി, ടി.കെ. കോളനി, ബാലങ്കുളം എന്നിവിടങ്ങളിൽ നിയോഗിച്ചു. സർവേ നിലമ്പൂർ സൗത്ത് ഡി.എഫ്.ഒ. കെ. സജികുമാർ ഉദ്ഘാടനംചെയ്തു.

കരുളായി റെയ്ഞ്ച് ഓഫീസർ കെ. രാഗേഷ് അധ്യക്ഷനായി. മലബാർ നാച്വറൽ ഹിസ്റ്ററി സൊസൈറ്റി പ്രതിനിധി സത്യൻ മേപ്പയൂർ, ബാലകൃഷ്ണൻ വളപ്പിൽ എന്നിവർ ക്ലാസെടുത്തു. കാളികാവ് റെയ്ഞ്ച് ഓഫീസർ സുരേഷ് പ്രസംഗിച്ചു.