solar eclipse
വനത്തിനകത്തെ നെടുങ്കയത്ത് ആദിവാസികൾ സൂര്യഗ്രഹണം കാണുന്നു

കരുളായി: കരുളായി വനത്തിനകത്തെ ആദിവാസികളും കൂട്ടമായെത്തി സൂര്യഗ്രഹണംകണ്ടു. കുട്ടികളും മുതിർന്നവരുമുൾപ്പെടെ ഇരുനൂറിൽപരം ആളുകളാണ് വനമധ്യത്തിലെ നെടുങ്കയത്ത് വലയസൂര്യഗ്രഹണം ദർശിച്ചത്. വനത്തിനകത്ത് ആദ്യമായാണ് സൂര്യഗ്രഹണം കാണാൻ സൗകര്യമുണ്ടാകുന്നത്. ജനമൈത്രി എക്‌സൈസും, ശാസ്ത്രസാഹിത്യ പരിഷത്തും ചേർന്നാണ് വനവാസികൾക്ക് സൂര്യഗ്രഹണം കാണാൻ അവസരമൊരുക്കിയത്. നെടുങ്കയംകോളനിവാസികൾക്കു പുറമെ ഭൂമിക്കുത്ത് കോളനിവാസികളേയും ഇങ്ങോട്ടേക്ക് കൊണ്ടുവന്നു. സൂര്യഗ്രഹണ നിരീക്ഷണത്തിനുപുറമെ അന്ധവിശ്വാസങ്ങളിൽനിന്നും ശാസ്ത്രാവബോധത്തിലേക്ക് ശാസ്ത്രക്ലാസും ജ്യോതിശാസ്ത്ര ക്വിസ് മത്സരവും നടത്തി. ഉദ്ഘാടനം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി. ജയപ്രകാശ് ഉദ്ഘാടനംചെയ്തു.

പ്രിവന്റീവ് ഓഫീസർ എൻ.പി. ജയപ്രകാശ് ആമുഖ പ്രഭാഷണംനടത്തി. ഭൂമിക്കുത്ത് കോളനിയിലെ മാധവൻ അധ്യക്ഷതവഹിച്ചു.

പി.വി. മുകുന്ദഘോഷ് ശാസ്ത്ര പഠന ക്ലാസെടുത്തു. സമ്മാന വിതരണം സർക്കിൾ ഇൻസ്‌പെക്ടർ എ. അബൂബക്കർ സിദ്ദിഖ് നിർവഹിച്ചു. വിപിൻ. കെ.വി. സിവിൽ എക്‌സൈസ് ഓഫീസർ എന്നിവർ ജ്യോതിശാസ്ത്ര ക്വിസ് നടത്തി.