കുറ്റിപ്പുറം: കർക്കടകമാസത്തിലെ ബലിതർപ്പണത്തിന്റെ പുണ്യംതേടി ഭാരതപ്പുഴയുടെ തീരമായ തവനൂരിലും മിനിപമ്പയിലും ഒട്ടേറെപ്പേരെത്തി. മിനിപമ്പയിൽ തിരൂർ ജില്ലാ വിശ്വഹിന്ദുപരിഷത്തിന്റെ അർച്ചക് വിഭാഗമാണ് ബലിതർപ്പണത്തിന് സൗകര്യമൊരുക്കിയത്.
രാവിലെ അഞ്ചോടെ ആരംഭിച്ച ബലിതർപ്പണം ഉച്ചവരെ നീണ്ടു. 2500-ഓളം പേരാണ് ഇവിടെ ബലിയിടാനെത്തിയത്. നിലമ്പൂർ പുഷ്കരശർമയുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകൾ നടന്നത്.
മിനിപമ്പയിലെ മല്ലൂർ ശിവപാർവതി ക്ഷേത്രത്തിനു മുന്നിലുള്ള പുഴയോരത്തെ സ്ഥലത്താണ് ബലിതർപ്പണച്ചടങ്ങുകൾ നടന്നത്. കൂടുതൽ ആളുകളെത്തിയതോടെ പലപ്പോഴും തിരക്ക് നിയന്ത്രണാതീതമായി.
പോലീസും സന്നദ്ധസേനാപ്രവർത്തകരും പാടുപെട്ടാണ് ആളുകളെ നിയന്ത്രിച്ചത്. ബലിയിടാനെത്തിയവരുടെ നിര തവനൂർ റോഡ് ജങ്ഷൻവരെ നീണ്ടു. കുളിക്കാനിറങ്ങുന്ന കടവ് അപകടമേഖലയായതിനാൽ സുരക്ഷാക്രമീകരണങ്ങളും ഏർപ്പെടുത്തിയിരുന്നു. മിനിപമ്പയിലെ ബലിതർപ്പണത്തിന് അഭയൻ, ബാബു കുറ്റിപ്പുറം, തുളസി, സേതു കോറാട്ട്, സി. നിശാന്ത്, ശിവൻ, ഷൈജു എന്നിവർ നേതൃത്വംനൽകി.
തവനൂരിൽ ചെറുതിരുനാവായ ശിവക്ഷേത്രത്തിനു സമീപത്തായി ഭാരതപ്പുഴയിലെ മണൽപ്പരപ്പിലാണ് ബലിതർപ്പണച്ചടങ്ങുകൾ നടന്നത്. സദാനന്ദൻ തിരുനാവായയുടെ കാർമികത്വത്തിലായിരുന്നു ചടങ്ങുകൾ. 1000-ഓളം ആളുകളാണ് തവനൂരിൽ ബലിയിടാനെത്തിയത്.
പൊന്നാനി: കുറ്റിക്കാട് ക്ഷേത്രകമ്മിറ്റിയും വിശ്വചൈതന്യ കുറ്റിക്കാടും സംയുക്തമായി കർക്കടക വാവുബലി ചടങ്ങുകൾ നടത്തി. ശശി ഇളയത്തിന്റെ മുഖ്യകാർമികത്വത്തിലാണ് ചടങ്ങുകൾ നടന്നത്. മാതാ അമൃതാനന്ദമയീമഠം കുറ്റിപ്പാലയും വെള്ളീരി മരണാനന്തരകമ്മിറ്റിയും സംയുക്തമായി വാവുബലിക്കെത്തിയവർക്ക് ലഘുഭക്ഷണം വിതരണംചെയ്തു. മൂവായിരത്തോളംപേർ ചടങ്ങുകളിൽ പങ്കെടുത്തു. പൊന്നാനി സി.ഐ. സണ്ണിചാക്കോ, എ.എസ്.ഐ. വാസുണ്ണി എന്നിവരുടെ നേതൃത്വത്തിൽ സുരക്ഷാക്രമീകരണങ്ങൾ ഒരുക്കി.
ചങ്ങരംകുളം: കല്ലൂർമ്മ മുണ്ടം തൃക്കോവിൽ മഹാദേവക്ഷേത്രത്തിൽ രാവിലെനടന്ന പ്രത്യേക പൂജകൾക്ക് മേൽശാന്തി മനോജ് നമ്പൂതിരിയും തുടർന്നുനടന്ന വാവുബലിക്ക് കൊടക്കാട്ട് വിജയൻ ഇളയതും കാർമികത്വംവഹിച്ചു. ചടങ്ങുകൾക്ക് സദു കല്ലൂർമ, രാജീവ് പേരാത്ത്, വി.എൻ. ചന്ദ്രൻ, കെ. അജീഷ്, എം.പി. സന്തോഷ് കുമാർ, കെ. സദാശിവൻ തുടങ്ങിയവർ നേതൃത്വംനൽകി.
ചങ്ങരംകുളം: മൂക്കുതല പകരാവൂർ ശിവക്ഷേത്രത്തിൽ രാവിലെ നടന്ന പ്രത്യേക പൂജകൾക്ക് മേൽശാന്തി ശിവപൂജൻ നമ്പൂതിരിയും തുടർന്ന് നടന്ന വാവുബലിക്ക് കണ്ണേങ്കാവ് മേൽശാന്തി കൊടക്കാട്ട് അപ്പു ഇളയതും ഷിബു ഇളയതും കാർമികത്വം വഹിച്ചു. ചടങ്ങുകൾക്ക് വിജയൻ വാക്കോത്ത്, ശിവദാസൻ മല്ലപ്പുള്ളി, ബാലകൃഷ്ണൻ, അജു പുത്തിലത്ത്, വിശ്വനാഥൻ മല്ലപ്പള്ളി, പരമേശ്വരൻ പന്നിക്കാട്ട്, ഗോവിന്ദൻ, മോഹനൻ തുടങ്ങിയവർ നേതൃത്വംനൽകി. പ്രഭാത ഭക്ഷണം, ചുറ്റുവിളക്ക് എന്നിവയും ഉണ്ടായി.