വേങ്ങര: ഏതുസമയവും ഇടിഞ്ഞുപൊളിഞ്ഞു വീഴാവുന്ന അവസ്ഥയിലുള്ള ഒറ്റമുറിക്കെട്ടിടത്തിന് രേഖകളിൽ ഇപ്പോഴും കമ്യൂണിറ്റിഹാളെന്നു പേര്. കണ്ണമംഗലം പഞ്ചായത്തിലെ പതിനേഴാംവാർഡിൽ അംബേദ്കർ ഗ്രാമം എസ്.സി. കോളനിയിലാണ് നോക്കുകുത്തിയായി കമ്യൂണിറ്റി ഹാൾ സ്ഥിതിചെയ്യുന്നത്. കണ്ണമംഗലം ഗ്രാമപ്പഞ്ചായത്ത് രൂപവത്കരിക്കുന്നതിനു മുൻപ് വേങ്ങര ഗ്രാമപ്പഞ്ചായത്തിന്റെ ഭാഗമായിരുന്ന കാലത്താണ് ഹാൾ നിർമിച്ചത്.

1990-91 കാലത്ത്‌ അംബേദ്കർ ജന്മശതാബ്ദി വർഷത്തിലെ കർമപദ്ധതിയുടെ ഭാഗമായാണ് നെച്ചിക്കാട്ടുകുണ്ട് കോളനി അംബേദ്കർ ഗ്രാമമായി പ്രഖ്യാപിച്ചത്. ഈ പദ്ധതിയുടെ ഭാഗമായാണ് 1995-ൽ നെച്ചിക്കാട്ടുകുണ്ട് അംബേദ്കർ ഗ്രാമം കോളനിവാസികൾക്കായി കമ്യൂണിറ്റി ഹാൾ നിർമിച്ചത്. നാട്ടുകാർക്കു കാണാനായി ഒരു ടി.വി.യും ഇവിടെ സ്ഥാപിച്ചിരുന്നു. ഒരുമുറിയും പുറത്ത് ഒരു വരാന്തയുമുള്ള ഇവിടെ കോളനിവാസികൾ ചെറിയ യോഗങ്ങളും മറ്റും കൂടാറുണ്ടായിരുന്നു.

കുറച്ചുനാൾ കഴിഞ്ഞപ്പോൾ കമ്യൂണിറ്റിഹാളിലെ ടി.വി. കേടാവുകയും മിക്കവരുടെയും വീടുകളിൽ ടി.വി. കാണാനുള്ള സൗകര്യമുണ്ടാകുകയും ചെയ്തപ്പോൾ ഇവിടേക്കുള്ള ആളുകളുടെ വരവ് കുറഞ്ഞു. ഇടയ്ക്ക് ചായംപൂശി വൃത്തിയാക്കി അറ്റകുറ്റപ്പണി നടത്താറുണ്ടായിരുന്ന കെട്ടിടം ക്രമേണ ജീർണാവസ്ഥയിലേക്കു നീങ്ങി. കോളനിയിലെ ഈ കമ്യൂണിറ്റിഹാൾ ഇപ്പോൾ ഇടിഞ്ഞുപൊളിഞ്ഞു വീഴാറായ അവസ്ഥയിലാണ്.

മറ്റു സ്ഥലങ്ങളില്ലാത്തതിനാൽ കോളനിയിലെ അയൽക്കൂട്ടങ്ങളും ഗ്രാമസഭകളും മറ്റും കൂടാറ്് അപകടാവസ്ഥയിലായ ഈ കെട്ടിടത്തിലാണ്.

കൂടാതെ കോളനിയിലെ കുട്ടികൾ കൂട്ടമായിരുന്ന് ഈ കെട്ടിടത്തിന്റെ വരാന്തയിൽ കളിക്കാറുമുണ്ട്. പഴയ കെട്ടിടത്തിന്റെ വാതിലും ജനലും നശിച്ചതിനാൽ രാത്രിയായാൽ ഇവിടം സമൂഹവിരുദ്ധർ കൈയേറാറുണ്ടെന്നും തൊട്ടടുത്തുള്ള വീട്ടുകാർക്കിത് ശല്യമാണെന്നും പരാതിയുണ്ട്.

അറുപതോളം പട്ടികജാതി കുടുംബങ്ങൾ താമസിക്കുന്ന ഒരു കോളനിയാണിത്. മറ്റു കുടുംബങ്ങളും കോളനിയിൽ താമസമുണ്ട്. ഇവിടെ ഇവർക്ക് നല്ലൊരു വായനശാലയില്ല.

ഗ്രാമത്തിലേക്ക് സർക്കാരിന്റെ വിജ്ഞാൻവാടി പദ്ധതിപ്രകാരം വായനശാലയും കോളനിയിലെ കുട്ടികളുടെ കംപ്യൂട്ടർ സാക്ഷരത ലക്ഷ്യംവെച്ച് രണ്ടു കംപ്യൂട്ടറുകളും ലഭിച്ചിട്ടുണ്ട്. എന്നാൽ ഇവ വെക്കാൻ സ്ഥലമില്ലാത്തതിനാൽ ഗ്രാമപ്പഞ്ചായത്തിലെ മേനനക്കൽ കോളനിയിലാണ് താത്കാലികമായി ഇവ സൂക്ഷിച്ചിട്ടുള്ളത്.

ജീർണാവസ്ഥയിലുള്ള കെട്ടിടം പൊളിച്ചുമാറ്റി അപകടാവസ്ഥ ഒഴിവാക്കണമെന്നും പകരം കോളനിയിലെ കുടുംബങ്ങൾക്ക് ഉപകാരപ്പെടുന്ന രീതിയിൽ ആധുനിക സൗകര്യങ്ങളോടെയുള്ള കെട്ടിടം നിർമിക്കണമെന്നതുമാണ് കോളനിക്കാരുടെ ആവശ്യം.