കോട്ടയ്ക്കൽ: നമ്മുടെ കലാലയങ്ങളിൽ വിദ്യാർഥികളില്ലാതായെന്ന് വിമർശകനും എഴുത്തുകാരനുമായ കൽപ്പറ്റ നാരായണൻ അഭിപ്രായപ്പെട്ടു. ഒതുക്കുങ്ങൽ ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ ’മീറ്റ് ദ സ്‌കോളർ’ പരിപാടിയിൽ കുട്ടികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. പരീക്ഷയ്ക്ക് ഒരുങ്ങിയെത്തുന്ന പരീക്ഷാർഥികൾ മാത്രമാണിന്ന് കുട്ടികൾ. പരീക്ഷാകേന്ദ്രീകൃത വിദ്യാഭ്യാസം വെറും പൊള്ളയാണ്. ഭാഷയുടെ മേൽ ആധിപത്യം സ്ഥാപിക്കാൻ എഴുത്തുകാരന് കഴിയണം. പ്രതിഭകൊണ്ട് തന്റെ മാത്രമായ ഇടം എഴുത്തിൽ കണ്ടെത്തുകയും അതിൽ വായനക്കാരന്റെ സമ്മതി നേടുകയും ചെയ്തില്ലെങ്കിൽ എഴുത്തുകാരന് നിലനിൽക്കാനാകില്ല-അദ്ദേഹം പറഞ്ഞു.

’നല്ലെഴുത്തിന്റെ രസതന്ത്രം’ എന്ന വിഷയത്തിലാണ് സംവാദം സംഘടിപ്പിച്ചത്. പൂർവവിദ്യാർഥി സംഘത്തിന്റെ നേതൃത്വത്തിൽ സിവിൽ സർവീസ് പരിശീലന പദ്ധതിയുടെ ഭാഗമായി നടന്ന പരിപാടിയിൽ ജനറൽസെക്രട്ടറി സിദ്ദീഖ് സിതാര അധ്യക്ഷയായി. പ്രിൻസിപ്പൽ വി.അബൂബക്കർ സിദ്ദീഖ്, പ്രോഗ്രാം കൺവീനർ വി.മുഹമ്മദ് മുസ്തഫ, ഷാജി വെള്ളത്തൂർ, കെ.ഫിറോസ് ഖാൻ, അമീർ കൊടലിക്കാടൻ, കെ. ആദം മാലിക്ക്, വി. ആഷിർ എന്നിവർ പ്രസംഗിച്ചു.