കല്പകഞ്ചേരി : സ്കൂൾ ക്ലാസുകൾ ഓൺലൈൻ ആക്കിയപ്പോൾ അറബിക്‌ ക്ലാസെടുത്ത് ശ്രദ്ധനേടിയിരിക്കുകയാണ് കല്പകഞ്ചേരി ജി.വി.എച്ച്.എസ്. സ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർഥിനി ധ്യാനപ്രിയ. ഒൻപതാം ക്ലാസിലെ അറബിക് പാഠപുസ്തകത്തിലെ ‘അരിസലാത്തുൽ അഖീറ’ എന്ന പാഠഭാഗമാണ് മനോഹരമായി ധ്യാനപ്രിയ പഠിപ്പിച്ചത്. എൽ.പി.തലം തൊട്ടേ അറബിപഠിക്കുന്ന ധ്യാനപ്രിയ അറബിയിൽ നന്നായി എഴുതുകയും സ്ഫുടതയോടെ വായിക്കുകയുംചെയ്യും. പഠിക്കാൻ മിടുക്കിയായ ധ്യാനപ്രിയ പാഠ്യേതര രംഗത്തും മികവ് തെളിയിച്ചിട്ടുണ്ട്. സ്കൂൾ യുവജനോത്സവത്തിൽ അറബിക് മോണോആക്ടിൽ സംസ്ഥാന തലത്തിൽ എ ഗ്രേഡ് നേടിയിട്ടുണ്ട്. അനിയത്തി മേധപ്രിയയും ചേച്ചിക്ക് പിന്നാലെ അറബിപഠിക്കുന്നുണ്ട്. കല്പകഞ്ചേരി പോസ്റ്റോഫീസ് ജീവനക്കാരൻ കന്മനം തുവ്വക്കാട് പി.ടി. പ്രദീപ്‌കുമാറിന്റെയും അധ്യാപിക ലിജയുടെയും മകളാണ് ധ്യാനപ്രിയ.