കാളികാവ്: അഞ്ചച്ചവടിയിൽ പ്രവർത്തിച്ചിരുന്ന അനധികൃത മരുന്നുവില്പന കേന്ദ്രം അധികൃതർ പൂട്ടിച്ചു. അഞ്ചച്ചവിടി പള്ളിയുടെ എതിർവശം പ്രവർത്തിക്കുന്ന ശിഫ ആയുർവേദ മഹൽ എന്ന സ്ഥാപനത്തിനെതിരേയാണ് നടപടിയെടുത്തിട്ടുള്ളത്. ആരോഗ്യവകുപ്പും പഞ്ചായത്ത് അധികൃതരും പോലീസും നടത്തിയ പരിശോധനയിലാണ് കേന്ദ്രത്തിനെതിരേ നടപടി എടുത്തത്. വർഷങ്ങളായിട്ട് പ്രവർത്തിക്കുന്ന ചികിത്സാലയം കഴിഞ്ഞ മൂന്ന് ദിവസം കൊണ്ടാണ് പ്രശസ്തി നേടിയത്.

പ്രമേഹത്തിനുള്ള ഒറ്റമൂലി മരുന്നു വില്പന തുടങ്ങിയതോടെയാണ് ജനശ്രദ്ധയാകർഷിച്ചത്. പാരമ്പര്യ വൈദ്യൻ എന്ന് അവകാശപ്പെടുന്ന കടയുടമ മരുന്ന് നിർമിച്ചതാണെന്നാണ് പ്രചാരണം. ഭാര്യയുൾപ്പടെയുള്ള രോഗികളെ ചികിത്സിച്ച് ഭേദപ്പെടുത്തിയെന്ന നിലയിൽ സമൂഹ മാധ്യമങ്ങളിലൂടെ വൈദ്യർ പ്രചാരണം നടത്തിയിരുന്നു. ഒരു മാസത്തേക്കുള്ള മരുന്നിന് 300 രൂപയാണ് വില. വൻതോതിൽ ആളുകൾ എത്തിത്തുടങ്ങി. മൂന്ന് ദിവസത്തിനുള്ളിൽ വലിയ അളവിൽ മരുന്ന് വില്പന നടത്തിയതായി നാട്ടുകാർ പറയുന്നുണ്ട്.

സംഭവം ശ്രദ്ധയിൽപ്പെട്ട ആരോഗ്യ വകുപ്പ് അധികൃതർ മറ്റു വകുപ്പുകളേയും കൂട്ടി പരിശോധന നടത്തുകയാണുണ്ടായത്. ഒരുതരത്തിലുമുള്ള ലൈസൻസും ഇല്ലാത്തതിനെത്തുടർന്നാണ് കേന്ദ്രം പൂട്ടിച്ചത്. പ്രമേഹമരുന്ന് പരിശോധനയ്ക്കായി അധികൃതർ ശേഖരിച്ചിട്ടുണ്ട്.