കോട്ടയ്ക്കൽ: കേരള ആർട്ട് ആൻഡ് ലിറ്ററേച്ചർ അക്കാദമി (കല)യുടെ നേതൃത്വത്തിൽ നടക്കുന്ന ‘കല’ കൾച്ചറൽ ഫെസ്റ്റിവൽ ഡിസംബർ 22,23,24,25 തീയതികളിൽ മഞ്ചേരിയിൽ നടക്കും. പരിപാടിയുടെ ലോഗോ പ്രകാശനം ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ഫെസ്റ്റിവൽ ഡയറക്ടർ കെ. മോഹൻകുമാറും മാതൃഭൂമി ജോയിന്റ് മാനേജിങ് ഡയറക്ടർ എം.വി. ശ്രേയാംസ്‌കുമാറുംചേർന്ന് നിർവഹിച്ചു.

സാഹിത്യസംവാദങ്ങൾ, ചലച്ചിത്രമേള, പുസ്തകമേള, പെയിന്റിങ്, ക്ലാസിക്കൽ ഡാൻസ്, ഗസൽ, മുഖാമുഖങ്ങൾ, സെമിനാറുകൾ എന്നിവ മേളയിൽ നടക്കും. സാഹിത്യകാരന്മാരും 200-ലധികം കലാകാരന്മാരും പങ്കെടുക്കും.

കല ഫെസ്റ്റിവൽ ഡയറക്ടർ അഡ്വ. ടി.പി. രാമചന്ദ്രൻ, മാധ്യമപ്രവർത്തകൻ അമ്മാർ കീഴുപറമ്പ്, മാതൃഭൂമി ഗൾഫ് എഡിഷൻ ഹെഡ് പി.പി. ശശീന്ദ്രൻ, മാപ്പിളപ്പാട്ട് ഗവേഷകൻ ഫൈസൽ എളേറ്റിൽ, ആർട്ടിസ്റ്റുമാരായ കെ.വി.എം. ഉണ്ണി, അജയ്സാഗ, ശ്രീവത്സൻ ആരുണ്ടിക്കളത്തിൽ തുടങ്ങിയവർ പങ്കെടുത്തു.