പെരിന്തൽമണ്ണ: ഒരുമാസം നീണ്ട കളിക്കമ്പത്തിന്റെ രാവുകൾക്കൊപ്പം ധനരാജ് എന്ന താരത്തിന്റെ വിടവാങ്ങലിനും സാക്ഷിയായ പെരിന്തൽമണ്ണ നെഹ്രു സ്റ്റേഡിയത്തിലെ കലാശപ്പോരാട്ടത്തിൽ ഫിഫ മഞ്ചേരിക്ക് വിജയം. കാദറലി ട്രോഫിക്കായുള്ള 48-ാമത് സെവൻസ് ഫുട്‌ബോൾ ഫൈനലിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് എ.വൈ.സി. ഉച്ചാരക്കടവിനെതിരേ ഫിഫ മഞ്ചേരി തോൽപ്പിച്ചത്.
ധനരാജിന്റെ കുടുംബത്തിനായി കാദറലി ക്ലബ്ബ് സ്വരൂപിച്ച 4.25 ലക്ഷം രൂപ 19-ന് പാലക്കാട് നടക്കുന്ന ഫുട്‌ബോൾ മത്സരവേദിയിൽ അദ്ദേഹത്തിന്റെ കുടുംബത്തിന് കൈമാറും. ടൂർണമെന്റിലെ വരുമാനത്തിൽനിന്ന് 2.70 ലക്ഷം രൂപ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കും. 1.5 ലക്ഷം രൂപ പെരിന്തൽമണ്ണ ഇ.എം.എസ്. വിദ്യാഭ്യാസ കോംപ്ലക്സിനും 50,000 രൂപ പെരിന്തൽമണ്ണ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിക്കും 50,000 രൂപ കിഡ്‌നി വെൽഫെയർ സൊസൈറ്റിക്കും 20,000 രൂപ പൊന്ന്യാകുർശിയിലെ വൃക്കരോഗബാധിതർക്കും നൽകും. ഇതിന്റെ ചെക്ക് സമാപനച്ചടങ്ങിൽ വിതരണംചെയ്തു.
വിജയികൾക്ക് മഞ്ഞളാംകുഴി അലി എം.എൽ.എ. കാദറലി ട്രോഫി സമ്മാനിച്ചു. ജില്ലാ പോലീസ് മേധാവി യു. അബ്ദുൾകരീം, നഗരസഭാധ്യക്ഷൻ എം. മുഹമ്മദ്സലീം, പച്ചീരി ഫാറൂഖ്, സി. മുസ്തഫ, സി. മുഹമ്മദാലി, ഡോ. അബൂബക്കർ തയ്യിൽ, മണ്ണിൽ ഹസ്സൻ, എം. അസീസ്, എം.കെ. കുഞ്ഞയമു, എച്ച്. മുഹമ്മദ്ഖാൻ തുടങ്ങിയവർ സംസാരിച്ചു. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കാൻ ആവശ്യപ്പെട്ട് ഡോ. നിലാർ മുഹമ്മദ് ചൊല്ലിക്കൊടുത്ത പ്രതിജ്ഞ കാണികൾ ഏറ്റുചൊല്ലി.