ഒതുക്കുങ്ങൽ: വീട്ടിൽ ചക്കയുണ്ടോ? ഇത്തവണ നല്ല വില കിട്ടും. ചക്കയ്ക്ക് കഴിഞ്ഞ വർഷത്തേക്കാൾ നാലിരട്ടിയാണ് വില. 15 മുതൽ 25 വരെ ഒരു ചക്കയ്ക്ക് വിലയുണ്ടായിരുന്നിടത്ത് ഇത്തവണ 50 മുതൽ 60 രൂപയ്ക്കാണ് കച്ചവടക്കാർ വീടുകളിൽനിന്ന് ചക്ക ശേഖരിക്കുന്നത്.

അന്യസംസ്ഥാനക്കാർക്ക് നമ്മുടെ ചക്കയോടുള്ള പ്രിയം കൂടിവരുമ്പോൾ അതിനനുസരിച്ച് കയറ്റി അയയ്ക്കാൻ ഇവിടെ ചക്കയില്ല. കാലാവസ്ഥയിൽ വന്ന മാറ്റം കാരണം ഇത്തവണ വൈകിയാണ് ചക്കയുണ്ടായത്. ചക്കയുടെ എണ്ണത്തിലും കുറവുണ്ട്-ഇതാണ് വിപണിയെ ബാധിച്ചതെന്ന് 20 വർഷമായി ചക്കക്കച്ചവടം നടത്തുന്ന മുസ്തഫയും സിദ്ദിഖും സൈതലവിയും പറയുന്നു.

ജില്ലയിൽനിന്ന് ശേഖരിക്കുന്ന ചക്ക അങ്കമാലിയിലെ മൊത്തവിതരണക്കാരൻ വഴിയാണ് ഇവർ മറ്റ്‌ സംസ്ഥാനങ്ങളിലേക്ക് കയറ്റി അയയ്ക്കുന്നത്. ചക്ക കേരളത്തിൽ സുലഭമായി ലഭിക്കുന്നത് ഏപ്രിൽമുതൽ ജുലായ് വരെയാണ്. ഈ മാസങ്ങളിൽ മറുനാടൻതൊഴിലാളികൾ വരെ ചക്ക ശേഖരിക്കാനായി ജില്ലയിലുണ്ട്.

ഇത്തവണ ചക്കയുടെ എണ്ണത്തിൽ കുറവുണ്ടായെന്ന് മുസ്തഫ പറയുന്നു. കഴിഞ്ഞവർഷം ആഴ്ചകളിൽ 20 ടൺ ചക്ക വരെ കയറ്റി അയച്ചിരുന്ന സ്ഥാനത്ത് ഈ വർഷം ഒൻപത്‌ ടൺ ആയി കുറഞ്ഞു. ചക്ക വീട്ടിലുണ്ടെങ്കിൽ നല്ല വിലയ്ക്ക് എടുക്കാമെന്നും മുസ്തഫ പറയുന്നു.

Content Highlights: jackfruit price is high in market