എടക്കര: മണ്ണിൽ ആണ്ടുകിടക്കുന്ന മൃതശരീരങ്ങൾ യന്ത്രക്കൊട്ടയിൽ കോരിയെടുക്കുമ്പോൾ മനസ്സ് മരവിക്കുന്ന അവസ്ഥ, മനംപുരട്ടുന്ന ഗന്ധം, കോരിയെടുക്കുന്ന അഴുകിയ മൃതദേഹങ്ങൾ വേർപെട്ടു പോകരുതേ എന്ന പ്രാർഥന... കവളപ്പാറ ദുരന്തഭൂമിയിൽ മൃതദേഹങ്ങൾക്കായി തിരച്ചിൽ നടത്തുന്ന മണ്ണുമാന്തി യന്ത്രങ്ങളുടെ ഓപ്പററേറ്റർമാർക്ക് ജീവിതത്തിൽ ആദ്യമായാണ് ഇങ്ങനെയൊരനുഭവം.

പലപ്പോഴും മനസ്സും ശരീരവും തളരുന്ന അവസ്ഥ. പ്രതികൂല കാലാവസ്ഥയിൽ അപകടം നിറഞ്ഞിരിക്കുന്ന ദുരന്തമുഖത്ത് ജീവൻപണയപ്പെടുത്തി രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുകയാണിവർ. പതിനഞ്ചിലേറെ ഹിറ്റാച്ചികളാണ് കവളപ്പാറയിൽ മൃതദേഹങ്ങൾക്കായി തിരച്ചിൽ നടത്തുന്നത്. ഉൗരാളുങ്കൽ ലേബർ സൊസൈറ്റിയുടെയും മലപ്പുറം ഇരുപത്തിയേഴിലെ അൽ ജബൽ എർത്ത് മൂവേഴ്‌സിന്റേതും പ്രാദേശിക എർത്ത് മൂവേഴ്‌സിന്റേതുമാണ് ഹിറ്റാച്ചികൾ.

ദുരന്തം നടന്നതിന്റെ പിറ്റേദിവസം മുതൽ ഇവർ ദുരന്തഭൂമിയിൽ കർമനിരതരാണ്. അൽ ജബൽ എർത്ത് മൂവേഴ്‌സ് മലപ്പുറം കോട്ടക്കുന്നിലെ മണ്ണിടിച്ചിൽ ദുരന്തത്തിൽപ്പെട്ട മാതാവിനെയും മക്കളെയും മണ്ണിനടിയിൽനിന്ന് എടുത്ത ശേഷമാണ് കവളപ്പാറയിലെത്തിയത്. പന്ത്രണ്ടുദിവസത്തെ തിരച്ചിലിൽ പതിനൊന്ന് മൃതദേഹങ്ങളാണ് ഈ സംഘം കണ്ടെത്തിയത്. തമിഴ്‌നാട് ധർമപുരം സ്വദേശിയായ ഹിറ്റാച്ചി ഓപ്പറേറ്റർ പെരുമാൾ ആറു മൃതദേഹങ്ങളാണ് ഇവിടെനിന്ന് കണ്ടെടുത്തത്. തഞ്ചാവൂർ സ്വദേശി സുഭാസ്, മലപ്പുറം സ്വദേശി ഇയ, ശെൽവം, വിപിൻ, ഷെമിർ തുടങ്ങിയവരാണ് സംഘത്തിലെ മറ്റ് ഓപ്പറേറ്റർമാർ. ഓഫീസ് മാനേജരായ സമീറലിയുടെ നേതൃത്വത്തിലുള്ള പത്തംഗസംഘമാണിവിടെ ക്യാമ്പ് ചെയ്ത് തിരച്ചിൽ നടത്തുന്നത്.

മൃതദേഹങ്ങൾ കണ്ടെടുക്കുന്ന ഹിറ്റാച്ചി ഓപ്പറേറ്റർമാർക്ക് ഫയർ ആൻഡ് റസ്‌ക്യുവിലെ ഉദ്യോഗസ്ഥർ പ്രത്യേക ക്ലാസുകൾ നൽകിയിരുന്നു. മനംപിരട്ടലും ഛർദ്ദിയുമായി പലരും അവശരാകുന്നുമുണ്ട്.

Content Highlights: hitachi jcb operators working in nilambur kavalappara