തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല കാമ്പസിലെ എൻ.സി.സി. മൈതാനത്തെ ഹെലിപ്പാഡിൽ ആദ്യമായി ഹെലികോപ്റ്റർ ഇറങ്ങി. സർവകലാശാല കാമ്പസിലെ നീന്തൽക്കുളം ഉദ്ഘാടനത്തിനാണ് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി ഇ.പി. ജയരാജനും ഹെലികോപ്റ്റർ മാർഗം എത്തിയത്. ഇതോടെ വീരമൃത്യുവരിച്ച ജവാൻ വസന്തകുമാറിന്റെ വീട് സന്ദർശിച്ചശേഷം വയനാട്ടിൽനിന്നാണ് ഇവരെത്തിയത്. മുഖ്യമന്ത്രിയുടെ ഭാര്യയും കൂടെയുണ്ടായിരുന്നു.

മന്ത്രി കെ.ടി. ജലീൽ, വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ്ബഷീർ, പി. അബ്ദുൾഹമീദ് എം.എൽ.എ. എന്നിവർ ഇവരെ സ്വീകരിച്ച് ഉദ്ഘാടനവേദിയിലേക്ക് ആനയിച്ചു. മുഖ്യമന്ത്രിയുടെ സന്ദർശനത്തിന്റെ ഭാഗമായി വൻ സുരക്ഷാസന്നാഹമാണ് കാമ്പസിൽ ഒരുക്കിയത്.

ഡി-ലിറ്റ് സ്വീകരിക്കുന്നതിന്‌ ഷാർജാ സുൽത്താൻ കാമ്പസിലെത്തുമ്പോൾ എൻ.സി.സി. മൈതാനത്ത് ഹെലികോപ്റ്റർ ഇറക്കാൻ പദ്ധതിയിട്ടിരുന്നു. പക്ഷേ വിമാനത്താവളത്തിൽനിന്ന് റോഡ് മാർഗമാണ് അദ്ദേഹമെത്തിയത്.