മലപ്പുറം: വാട്‌സാപ്പ് ഹര്‍ത്താലില്‍ അക്രമംനടത്തിയ സംഭവത്തില്‍ ജില്ലയില്‍ ബുധനാഴ്ച 185-ഓളം പേരെ പോലീസ് അറസ്റ്റുചെയ്തു. കണ്ടാലറിയുന്ന മൂവായിരത്തോളം പേര്‍ക്കെതിരേ വിവിധ വകുപ്പുകള്‍ പ്രകാരം കേസുണ്ട്. ഇതുവരെ 90 പേര്‍ റിമാന്‍ഡിലായി. തിരൂരില്‍ 102 ബൈക്ക് പിടിച്ചെടുത്തു. മിക്ക കേസുകളിലും ജാമ്യമില്ലാ വകുപ്പുപ്രകാരമാണ് അറസ്റ്റ്.

ഇതുവരെ 390-ഓളം പേരാണ് ജില്ലയില്‍ അറസ്റ്റിലായത്. വീഡിയോ ദൃശ്യങ്ങളില്‍നിന്നും ഫോട്ടോകളില്‍നിന്നുമാണ് അക്രമികളെ തിരിച്ചറിയുന്നത്. പലരും ഒളിവിലാണ്. പോലീസ് വ്യാപകമായി തിരച്ചില്‍ നടത്തുന്നുണ്ട്. അക്രമം നടത്തിയവരെയെല്ലാം പിടികൂടുമെന്നും അറസ്റ്റും റെയ്ഡും തുടരുമെന്നും സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി. ഉല്ലാസ് അറിയിച്ചു. ജില്ലയിലെ ജയിലുകളില്‍ സ്ഥലപരിമിതിയുള്ളതിനാല്‍ കുറേപ്പേരെ കോഴിക്കോട്ടെ ജയിലിലേക്കും അയച്ചിട്ടുണ്ട്. ഐക്കരപ്പടിയില്‍ ഹൈക്കോടതി ജഡ്ജിയുടെ വാഹനം തടഞ്ഞതിനും മഞ്ചേരിയില്‍ ഒറ്റപ്പാലം സി.ഐയും കുടുംബവും സഞ്ചരിച്ച വാഹനം തടഞ്ഞതിനും കേസെടുത്തിട്ടുണ്ട്.

തിരൂരില്‍ ബുധനാഴ്ചമാത്രം കണ്ടാലറിയുന്ന ആയിരത്തോളം പേര്‍ക്കെതിരേ കേസെടുത്തു. ഇവിടെ നിരോധനാജ്ഞ ലംഘിച്ച് ബൈക്ക് റാലി നടത്തിയതിന് 102 ബൈക്ക് പോലീസ് പിടിച്ചെടുത്തു. 20,700 രൂപ പിഴയീടാക്കി. ഹര്‍ത്താലിന് ആഹ്വാനംചെയ്തുകൊണ്ടുള്ള സന്ദേശം പ്രചരിപ്പിച്ച നൂറ് മൊബൈല്‍ഫോണുകള്‍ പോലീസ് സൈബര്‍ സെല്ലിന് കൈമാറി. പാണ്ടിക്കാട്ട് പന്ത്രണ്ടുപേര്‍ അറസ്റ്റിലായി. നൂറോളം പേര്‍ക്കെതിരേ കേസുണ്ട്. ചങ്ങരംകുളത്ത് രണ്ടുപേരെ അറസ്റ്റുചെയ്യുകയും നൂറോളം പേര്‍ക്കെതിരേ കേസെടുക്കുകയുംചെയ്തു. വണ്ടൂരില്‍ അഞ്ചുപേരെ അറസ്റ്റുചെയ്തു. മുന്നൂറോളം പേര്‍ക്കെതിരേയാണ് കേസ്. വാണിയമ്പലത്ത് നൂറുപേര്‍ക്കെതിരേ കേസെടുത്തു.
 
കൊളത്തൂരിലും മൂന്നുപേരെ അറസ്റ്റുചെയ്തു. ചെമ്മലശ്ശേരി കൃഷ്ണപുരം ക്ഷേത്രത്തിന്റെ കൊടിമരം നശിപ്പിച്ച കേസിലാണ് അറസ്റ്റ്. വഴിക്കടവില്‍ ദേശീയപതാക ഉപയോഗിച്ച് പ്രകടനംനടത്തിയ മുന്നൂറു പേര്‍ക്കെതിരേ കേസെടുത്തു. ഒരാളെ അറസ്റ്റുചെയ്തു. എടക്കര പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ബുധനാഴ്ച ഇരുപതുപേരെ അറസ്റ്റു ചെയ്തിട്ടുണ്ട്. വേങ്ങരയില്‍ പത്തുപേരേയും എടവണ്ണയില്‍ 25 പേരേയുമാണ് അറസ്റ്റ് ചെയ്തത്.