പെരിന്തൽമണ്ണ: അങ്ങാടിപ്പുറത്തും പെരിന്തൽമണ്ണയിലും ശബരിമല കർമസമിതി നടത്തിയ ഹർത്താൽ പൂർണം.

ശബരിമല ദർശനം നടത്തിയ അങ്ങാടിപ്പുറത്തെ കനകദുർഗയുടെ വീടിന് പോലീസ് ഏർപ്പെടുത്തിയ കാവൽ തുടരുകയാണ്. 16-ഓളം പോലീസുകാരുടെ സംഘമാണ് ഇവിടെയുള്ളത്. അങ്ങാടിപ്പുറത്ത് വ്യാപാരികൾ കടകളടച്ച് ഹർത്താലിനെ പിന്തുണച്ചു. ഹർത്താലിൽ കടകൾ തുറക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന പെരിന്തൽമണ്ണയിൽ രാവിലെ പകുതിയിലേറെ കടകൾ തുറന്നിരുന്നു. ഉച്ചയോടെ പ്രതിഷേധക്കാരുടെ പ്രകടനം എത്തിയപ്പോഴേക്കും മുഴുവൻ കടകളും അടച്ചു. അങ്ങാടിപ്പുറത്തുനിന്ന് ശബരിമല കർമസമിതി, ബി.ജെ.പി. പ്രവർത്തകരായ ഇരുനൂറോളം പേരടങ്ങിയ പ്രകടനം സമാധാനപരമായാണ് പെരിന്തൽമണ്ണയിലെത്തിയത്.

സി.ഐ. ടി.എസ്. ബിനുവിന്റെ നേതൃത്വത്തിൽ കനത്ത പോലീസ് സന്നാഹവുമുണ്ടായിരുന്നു. കോഴിക്കോട് റോഡിൽനിന്നും ഊട്ടിറോഡിലും പിന്നീട് മണ്ണാർക്കാട് റോഡിൽ ജില്ലാ ആശുപത്രിവരെയും പ്രകടനമെത്തി. തിരിച്ച് പട്ടാമ്പി റോഡിലേക്ക് കടക്കാതെ പോലീസ് സ്റ്റേഷന് സമീപം അവസാനിപ്പിക്കുകയായിരുന്നു. പ്രകടനത്തിന് വിജയകുമാർ, ബി. രതീഷ്, സി.പി. മനോജ്, ജയകൃഷ്ണൻ, ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവർ നേതൃത്വംനൽകി. രാവിലെ വിരലിലെണ്ണാവുന്നത്ര സ്വകാര്യബസുകൾ നിരത്തിലിറങ്ങിയെങ്കിലും പിന്നീട് സർവീസ് നടത്തിയില്ല. കെ.എസ്.ആർ.ടി.സി. ബസുകളും സർവീസ് നടത്തിയില്ല. നേരത്തെ നിശ്ചയിച്ചിരുന്ന പെരിന്തൽമണ്ണ നഗരസഭാ കൗൺസിൽ യോഗം ഹർത്താലിന് ഇടയിലും നടന്നു. ഹർത്താൽ അനുകൂലികൾ നടത്തിയ പ്രകടനത്തിന് കണ്ടാലറിയാവുന്ന 250-ഓളം പേർക്കെതിരേ പോലീസ് കേസെടുത്തു. പട്ടിക്കാട് ചിലയിടങ്ങളിൽ കടയടപ്പിക്കുന്നതിനെച്ചൊല്ലി വ്യാപാരികളും ഹർത്താലുകാരും തമ്മിൽ വാക്കേറ്റമുണ്ടായി. രാവിലെ 11 വരെ കടകൾ അടഞ്ഞുകിടന്നു. കൊളത്തൂർ കുറുപ്പത്താൽ ടൗണിൽ ഏഴ് ബാങ്കുകൾ ഉൾപ്പെടെ വ്യാപാരസ്ഥാപനങ്ങൾ അടഞ്ഞുകിടന്നു. ഹർത്താലുകാർ പ്രകടനം നടത്തി. പുലാമന്തോളിൽ വ്യാപാരസ്ഥാപനങ്ങൾ തുറന്നില്ല.വളാഞ്ചേരി: വളാഞ്ചേരിയിൽ ഹർത്താൽ ഭാഗികമായിരുന്നു. ഏതാനും ഹോട്ടലുകൾ, മരുന്നുകടകൾ, പച്ചക്കറിക്കടകൾ എന്നിവ തുറന്നിരുന്നു. എന്നാൽ ഹർത്താലനുകൂലികളെത്തി അടപ്പിച്ചു. തുറന്നു പ്രവർത്തിച്ച ചില ബാങ്കുകളും ഇവർ അടപ്പിച്ചു. ചുരുക്കം ചില സ്വകാര്യവാഹനങ്ങളും ഏതാനും ഓട്ടോകളും ഓടി. ഇരുചക്രവാഹനങ്ങളും ഓടിയിരുന്നു. ഹർത്താലനുകൂലികൾ നഗരത്തിൽ ഇടക്കിടെ പ്രകടനങ്ങൾ നടത്തി.

രാമപുരത്ത് ടൂറിസ്റ്റ് ബസ്സിനു നേരെ കല്ലേറ്

മങ്കട: രാമപുരത്ത് ടൂറിസ്റ്റ് ബസിനു നേരെയുണ്ടായ കല്ലറിൽ ബസിന്റെ ചില്ലുകൾ തകർന്നു. വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം ആർക്കും പരിക്കില്ല. എന്നാൽ ഇതു സംബന്ധിച്ച് പരാതിയില്ലാത്തതിനാൽ കേസെടുത്തിട്ടില്ലെന്ന് മങ്കട പോലീസ് പറഞ്ഞു. മങ്കട അങ്ങാടിയിലും പരിസരങ്ങളിലും കടകൾ തുറന്നു. വാഹനങ്ങൾ ഓടി. രാമപുരത്ത് മാത്രമാണ് ഹർത്താൽ ബാധിച്ചത്. ബസുകൾ ഓടിയില്ല. പെരിന്തൽമണ്ണ - മലപ്പുറം റൂട്ടിൽ രാവിലെ ചില സ്വകാര്യ ബസുകൾ ഓടിയെങ്കിലും പിന്നീട് നിർത്തി. കടകൾ തുറന്നെങ്കിലും കച്ചവടം കുറവായിരുന്നു.

മേലാറ്റൂർ: മേലാറ്റൂർ മേഖലയിൽ ഭാഗികം. സ്വകാര്യ ബസ്സുകളും കെ.എസ്.ആർ.ടി.സി. ബസ്സുകളും ചരക്കു വാഹനങ്ങളുമൊഴികെ ഇതര വാഹനങ്ങളെല്ലാം പതിവുപോലെ സർവീസ് നടത്തി. ഹർത്താൽരഹിത 2019 പ്രഖ്യാപനത്തിന്റെ ഭാഗമായി കടകമ്പോളങ്ങളെല്ലാം തുറന്നു പ്രവർത്തിച്ചു. സർക്കാർ ‍-അർദ്ധ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളെല്ലാം മുടക്കമില്ലാതെ പ്രവർത്തിച്ചു. ഷൊർണൂർ -നിലമ്പൂർ റെയിൽവേ ലൈനിൽ പാസഞ്ചർ സർവീസുകളും മുടക്കമില്ലാതെ നടന്നു. ബസ് സർവീസ് ഇല്ലാത്തതിനാൽ നിരത്തുകളിൽ യാത്രക്കാർ നന്നേ കുറവായിരുന്നു. ഉൾപ്രദേശങ്ങളെ ഹർത്താൽ തെല്ലും ബാധിച്ചില്ല. എവിടെയും അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.