കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് അപേക്ഷ നൽകിയവരിൽ കൂടുതൽ മലപ്പുറം ജില്ലക്കാർ. 7767 മുതിർന്നവരും നാല് കുട്ടികളുമാണ് മലപ്പുറത്തുനിന്ന് അപേക്ഷ നൽകിയത്. തൊട്ടുപിറകിലുള്ള കോഴിക്കോട് ജില്ലയിൽനിന്ന് 6027 മുതിർന്നവരും ഒരു കുട്ടിയുമാണ് അപേക്ഷ നൽകിയത്. പത്തനംതിട്ടയിലാണ് അപേക്ഷകർ കുറവ്. 125 പേർ മാത്രം. ആലപ്പുഴ (408), എറണാകുളം (1636), ഇടുക്കി (203), കണ്ണൂർ (3311), കാസർകോട് (2016), കൊല്ലം (645), കോട്ടയം (286), പാലക്കാട് (1435), തിരുവനന്തപുരം (794), തൃശ്ശൂർ (825), വയനാട് (586) എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ അപേക്ഷകരുടെ എണ്ണം. അപേക്ഷകരിൽ കൂടുതൽ വനിതകളാണ്. 14307 വനിതകളും 11757 പുരുഷൻമാരുമാണ് അപേക്ഷ നൽകിയത്. 20880 പേർ കരിപ്പൂരും 5184 പേർ നെടുമ്പാശ്ശേരിയും പുറപ്പെടൽ കേന്ദ്രമായി തിരഞ്ഞെടുത്തു.