കാളികാവ് : എസ്.എസ്.എൽ.സിക്ക് പഠിക്കുമ്പോഴാണ് അർബുദം ബാധിച്ചവർക്ക് മുടി ആവശ്യമുണ്ടെന്ന് അവൻ അറിയുന്നത്. തുടർന്ന് മാസങ്ങളായി വളർത്തിയെടുത്ത മുടി പ്ലസ്‌വൺ പ്രവേശനംനേടിയപ്പോൾ ഷിബിലിന് മുറിച്ചുമാറ്റേണ്ടിവന്നു. ആ കോലത്തിൽ സ്കൂളിൽ പ്രവേശനം നൽകില്ലെന്ന അധ്യാപകരുടെ ഭീഷണിയെത്തുടർന്നായിരുന്ന് ഇത്.
എന്നാൽ പ്ലസ്‌ടുവിന് ശേഷം എതിർപ്പുകളെ അതിജീവിച്ച് അവൻ മുടി വളർത്തി. അടുത്ത കൂട്ടുകാരോട് മാത്രമാണ് മുടി വളർത്തുന്നതിന്റെ രഹസ്യം പങ്കുവെച്ചത്. പിന്തിരിയാനായിരുന്നു കൂട്ടുകാരുടെ നിർദേശം. പക്ഷേ, അവൻ പിൻമാറിയില്ല.
തലമുടി വളർത്തിയതിന് കാളികാവ് ഉദരംപൊയിലിലെ കോരനകത്ത് ഷിബിൽ കേൾക്കാത്ത പഴിയില്ല.
രണ്ടുവർഷത്തോളം ശ്രദ്ധിച്ച് വളർത്തിയ മുടി തിങ്കളാഴ്ചയാണ് മുറിച്ചുമാറ്റിയത്. ചിലർ പരിഹസിച്ചു. 12 ഇഞ്ചിലേറെ നീളത്തിൽ വളർന്ന മുടി അർബുദം ബാധിച്ച് പ്രയാസപ്പെടുന്നവർക്കായി ഷിബിൽ ദാനംചെയ്തു.
തൃശ്ശൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മിറാക്കിൾ ചാരിറ്റബിൾ അസോസിയേഷനാണ് മുടി കൈമാറിയത്.
Content Highlight: Hair donation Malappuram