തിരൂർ : ‘എന്റെ ജീവൻ കാത്തവരെ എനിക്കൊന്നുകാണണം, ഒരു നന്ദിവാക്കുപറയണം..’,. കരിപ്പൂരിലെ വിമാനദുരന്തത്തിൽനിന്ന് പരിക്കുകളോടെ രക്ഷപ്പെട്ട ഫാഹിസിന്റെ ആഗ്രഹമാണിത്. തിരൂരിൽ ഒരു കുടുംബത്തിലെ മൂന്നുപേർ രക്ഷപ്പെട്ടിരുന്നു. മൂന്നാംവർഷ ബി.എസ്‌സി. വിദ്യാർഥിയായ ഫാഹിസും ഇതിൽ ഉൾപ്പെടുന്നു.

സീറ്റിന്‌ താഴെവീണുകിടന്ന തന്നെ ആശുപത്രിയിലെത്തിച്ചവരെക്കുറിച്ച് കൂടുതലൊന്നുമറിയില്ല.

കാൽമുട്ടിന് താഴെ രണ്ടിടത്ത് എല്ലുപൊട്ടി. പ്ലാസ്റ്ററിട്ട് വീട്ടിൽ ചക്രക്കസേരയിലിരിക്കുകയാണ്.

തിരൂർ കാനാത്ത് അങ്ങാടിക്കാരന്റകത്ത് ഹനീഫയുടെ മകനാണ് ഫാഹിസ്. പിതാവ് ഹനീഫ അൽ ഐനിൽ ഡ്രൈവറാണ്.

അവധിക്കാലം ചെലവഴിക്കാനാണ് സഹോദരൻ ഫഹീം, സഹോദരി ഫർഹാന, മാതാവ് താഹിറ എന്നിവർക്കൊപ്പം ഫാഹിസ് മാർച്ച് എട്ടിന് അൽ-ഐനിലേക്ക് പോയത്. കോവിഡ് വ്യാപനം കുറഞ്ഞതോടെ ഓഗസ്റ്റ് പത്തിനുള്ളിൽ സന്ദർശക വിസക്കാർ നാടുവിടണമെന്നും അല്ലെങ്കിൽ പിഴ ഈടാക്കുമെന്നും ഉത്തരവുവന്നു. ഫാർമസിസ്റ്റായ സഹോദരൻ ഫഹീമിന് അവിടെ ജോലികിട്ടി. ഓഗസ്റ്റ് ഏഴിന് സഹോദരിയും ഉമ്മയും ഫാഹിസും നാട്ടിലേക്ക് തിരിക്കുകയും അപകടത്തിൽപ്പെടുകയുമായിരുന്നു. മാതാവ് കാലിന് ശസ്ത്രക്രിയ കഴിഞ്ഞ് കോഴിക്കോട്ടെ ആശുപത്രിയിൽ ചികിത്സയിലാണ്.

‘വിൻഡോ സീറ്റിലായിരുന്നു ഇരുന്നത്. മുൻപിലുള്ള സീറ്റുകളടങ്ങിയ വിമാനഭാഗമാണ് മുറിഞ്ഞുപോയത്. ദുരന്തം നടന്നയുടൻ കൂടുതൽ പരിക്കേറ്റവരെ രക്ഷിക്കുകയായിരുന്നു നാട്ടുകാർ.

ആളുകൾ എന്നെയെടുത്ത് പുറത്തുകൊണ്ടുവന്നു വിമാനത്തിന്റെ ചിറകിൽ കിടത്തി. എന്നെ മഞ്ചേരി മെഡിക്കൽ കോളേജിലും ഉമ്മയെ കോഴിക്കോട് മിംസ് ആശുപത്രിയിലും സഹോദരിയെ കോഴിക്കോട് മെഡിക്കൽകോളേജ്‌ ആശുപത്രിയിലേക്കുമാണ്‌ കൊണ്ടുപോയത്.

എന്നെ കൊണ്ടുപോയത് വെള്ളക്കാറിലാണ്‌. അവരെ കാണാനാണ് എനിക്ക് മോഹമുള്ളത്. നന്ദി പറയാൻ.’ -ഫാഹിസ് പറഞ്ഞു. അപകടം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞപ്പോൾ മൂന്നു പേരുടെയും നഷ്ടപ്പെട്ട മൊബൈൽ ഫോണുകളും പാസ്പോർട്ടും വസ്ത്രങ്ങളടങ്ങിയ ട്രോളിബാഗും എയർ ഇന്ത്യാ ഉദ്യോഗസ്ഥർ വീട്ടിലെത്തിച്ചു.

content highlights: Hafiz, survivor of Karipur flight crash