എടപ്പാൾ: നാടോടിബാലികയെ സി.പി.എം. നേതാവ് മർദിച്ച സംഭവത്തിൽ എടപ്പാളിൽ പ്രതിഷേധമിരമ്പി. കേസ് അട്ടിമറിക്കാനും പ്രതിയെ സംരക്ഷിക്കാനും മന്ത്രിതലത്തിൽ നടത്തുന്ന സമ്മർദം അവസാനിപ്പിച്ച് ജാമ്യമില്ലാ വകുപ്പുപ്രകാരം പ്രതിക്കെതിരേ കേസെടുക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

യു.ഡി.വൈ.എഫ്. നടത്തിയ പ്രകടനവും യോഗവും യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഇ.പി. രാജീവ് ഉദ്ഘാടനംചെയ്തു. രഞ്ജിത്ത് തൊറയാറ്റിൽ അധ്യക്ഷനായി. അൻവർ തറക്കൽ, വി.വി.എം. മുസ്തഫ, ടി.എം. മനീഷ്, പത്തിൽ സിറാജ്, മഹേഷ് വട്ടംകുളം, എം.കെ. മുജീബ്, ഹസൈനാർ, വി.കെ.എ. മജീദ്, കിരൺദാസ് എന്നിവർ പ്രസംഗിച്ചു.

സി.പി.എം. നേതാവിനെതിരേ കർശന നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ച നടത്തിയ പ്രകടനത്തിന് ജില്ലാസെക്രട്ടറി സുനീഷ്, സുഭാഷ് പുറത്തൂർ, ജിതേഷ്, അതീന്ദ്രൻ എന്നിവർ നേതൃത്വംനൽകി.

സംഭവം ഒതുക്കാനുള്ള പോലീസ് ശ്രമം ഉപേക്ഷിക്കണമെന്ന് മഹിളാമോർച്ച സംസ്ഥാന അധ്യക്ഷയും പൊന്നാനി മണ്ഡലം സ്ഥാനാർഥിയുമായ വി.ടി. രമ ആവശ്യപ്പെട്ടു. വനിതാസുരക്ഷയ്ക്കായി മതിൽ തീർക്കുന്നവർ ഭരിക്കുന്ന കേരളത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിതത്വമില്ലാത്ത അവസ്ഥയാണെന്നും അവർ ആരോപിച്ചു. പ്രതിക്കെതിരേ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുക്കണമെന്നും രമ ആവശ്യപ്പെട്ടു.