മേലാറ്റൂർ: മലഞ്ചരക്കുകടയിൽനിന്ന് സാധനങ്ങളും പണവും കവർന്ന സംഭവത്തിൽ രണ്ടുപേർ പിടിയിൽ. മഞ്ചേശ്വരം ഉപ്പളയിലെ ശാരദനഗർ കിരൺ (26), മമ്പാട് ഇളഞ്ചേരി പുള്ളിപ്പാടത്തെ ചെമ്പകശ്ശേരി ജിമ്മി (45) എന്നിവരാണ് പിടിയിലായത്. ജില്ലയ്ക്കകത്തും പുറത്തുമായി നടത്തിയ നിരവധി മോഷണക്കേസുകളിലെ പ്രതികളാണ് ഇരുവരുമെന്ന് പോലീസ് പറഞ്ഞു.

മേലാറ്റൂർ കൊറ്റാരയിൽ സലീമിന്റെ ഉടമസ്ഥതയിലുള്ള മലഞ്ചരക്കുകടയിൽനിന്ന് വ്യാഴാഴ്ച പുലർച്ചെയാണ് മോഷണം നടന്നത്. കടയിൽ സൂക്ഷിച്ചിരുന്ന ഒന്നര ടൺ അടയ്ക്കയും ഒരു ടൺ കുരുമുളകും നഷ്ടപ്പെട്ടിരുന്നു. കൂടാതെ സി.സി.ടി.വിയുടെ ഡി.വിആറും മേശയിൽ സൂക്ഷിച്ചിരുന്ന 4000 രൂപയും മോഷ്ടിച്ചു.

മോഷണം നടന്ന വിവരം മേലാറ്റൂർ പോലീസ് ഉടനടി മലപ്പുറം, കോഴിക്കോട് ജില്ലകളിലെ എല്ലാ മലഞ്ചരക്കുകടകളിലും അറിയിച്ചത് നിർണായകമായി. പ്രതികളിലൊരാൾ മുതലുമായി കോഴിക്കോട്ടുള്ള ഒരു കടയിലെത്തിയത് കടയുടമ പോലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാളെ മുക്കത്തുള്ള ലോഡ്‌ജിൽനിന്ന്‌ കസ്റ്റഡിയിലെടുത്തു. ഒരാളെ കോഴിക്കോട് ബീച്ചിൽനിന്നും പിടികൂടി.

പൊന്നാനി മജിസ്‌ട്രേറ്റിന്‌ മുൻപാകെ ഹാജരാക്കിയ പ്രതികളെ റിമാൻഡ്ചെയ്തു. പെരിന്തൽമണ്ണ ഡിവൈ.എസ്.പി പി.സി. ഹരിദാസ്, മേലാറ്റൂർ എസ്.ഐ പി.എം. ഷമീർ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ അഡീഷണൽ എസ്.ഐ. ജോർജ് ജോസഫ്, എസ്.ഐ. അബ്ദുൽസലാം, സീനിയർ സി.പി.ഒ റസാഖ്, സി.പി.ഒമാരായ രജീഷ്, ഷൈജു, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ മുരളി, കൃഷ്ണകുമാർ, ശ്രീകുമാർ, മനോജ് എന്നിവരുമുണ്ടായിരുന്നു.