കരുവാരക്കുണ്ട്: സങ്കടദിനങ്ങൾ എന്ന് തീരുമെന്ന ആധിയിൽ കണ്ണീർപൊഴിച്ച് കഴിയുകയാണ് ഒരു കുടുംബം. മൂന്നുമക്കളിൽ രണ്ടുപേർക്കും കടുത്ത രോഗം ബാധിച്ചതിനാൽ ഈ കുടുംബത്തിന്റെ ജീവിതം വഴിമുട്ടിനിൽക്കുകയാണ്.

തുവ്വൂർ ഗ്രാമപ്പഞ്ചായത്ത് ഓഫീസിന്‌ സമീപത്തെ പുതൂർ കോളനിയിലെ യശോധരന്റെ മൂന്ന് പെൺമക്കളിൽ മൂത്തയാൾ തുവ്വൂർ ഗവ. എൽ.പി. സ്കൂളിലെ നാലാംക്ലാസിൽ പഠിക്കുന്ന ദിയ(10)യാണ് കാൽമുട്ടിൽ അർബുദംബാധിച്ച്‌ ചികിത്സയിൽക്കഴിയുന്നത്.

മൂന്നുമാസം മുമ്പ് കാൽ തട്ടിവീണ് മുട്ടിന് മുറിവേറ്റതോടെയാണ്‌ രോഗബാധ തിരിച്ചറിഞ്ഞത്‌. ദിയയുടെ ചികിത്സയ്ക്ക്‌ ലക്ഷങ്ങൾ ചെലവുവരും. മാർച്ച് ആദ്യവാരം ശസ്ത്രക്രിയ നടത്താൻ തീരുമാനിച്ചിരിക്കുകയാണ്. പരസഹായമില്ലാതെ ദിയയ്ക്ക്‌ ഒന്നുംചെയ്യാൻ കഴിയാത്ത അവസ്ഥയാണ്‌. ദിയയുടെ അനുജത്തി രണ്ടരവയസ്സുകാരി ദിൽന ജനിച്ചപ്പോൾ മുതൽ രോഗബാധിതയാണ്‌. ഹൃദയവാൽവിന് ദ്വാരമുള്ളതിനാൽ ശസ്ത്രക്രിയ അല്ലാതെ മറ്റ്‌ മാർഗമില്ല. ഇതിനും ലക്ഷങ്ങൾ ചെലവുവരും. റബ്ബർ ടാപ്പിങ് തൊഴിലാളിയായ യശോധരൻ മക്കളുടെ ചികിത്സയും മറ്റും കാരണം ജോലിക്ക് പോവാൻ കഴിയാത്ത അവസ്ഥയിലാണ്.

കനിവ് വറ്റാത്ത സുമനസ്കരുടെ അലിവിലാണ്‌ ഈ കുടുംബത്തിന്റെ പ്രതീക്ഷ. കുടുംബത്തെ സഹായിക്കാൻ ദിയ പഠിക്കുന്ന തുവ്വൂർ ഗവ. എൽ.പി. സ്കൂൾ പി.ടി.എയുടെ നേതൃത്വത്തിൽ ചികിത്സാധനസഹായ കമ്മിറ്റി രൂപവത്‌കരിച്ചിട്ടുണ്ട്.

ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് തെറ്റത്ത് ബാലൻ ചെയർമാനും പി.ടി.എ. പ്രസിഡൻറ് കെ.ടി. അഷ്കർ കൺവീനറായും കമ്മിറ്റി രൂപവത്‌കരിച്ചിട്ടുണ്ട്. പാണ്ടിക്കാട് ഫെഡറൽ ബാങ്കിൽ പുതൂർ ദിയ ചികിത്സാ ധനസഹായ കമ്മിറ്റിയുടെ പേരിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട്‌ നമ്പർ : 11200100275992, Ifsc fdrl0001120. ഫോൺ: 9496444232.

Content Highlights: Girl Childs Strive For live