മമ്പാട് : കോവിഡ് പരിശോധനയ്ക്ക് ആളെക്കൂട്ടാൻ തന്ത്രങ്ങൾ ഏറെ. പണവും ഫോണും ബിരിയാണിയും കുഴിമന്തിയുമൊക്കെ സമ്മാനമായി നൽകി കൂടുതൽപ്പേരെ പരിശോധനയ്ക്കെത്തിക്കാനുള്ള തീവ്രയത്നമാണ് നടക്കുന്നത്.

ആരോഗ്യവകുപ്പും പഞ്ചായത്തും ചേർന്നുനടത്തുന്ന പ്രത്യേക പരിശോധന ക്യാമ്പുകളിലാണ് വ്യാപാരികൾ സമ്മാനപദ്ധതികളുമായി രംഗത്തിറങ്ങിയിട്ടുള്ളത്. ലക്ഷ്യം ഒന്നു മാത്രം. പരിശോധനയ്ക്ക് മടിക്കുന്നവരെ ക്യാമ്പുകളിലെത്തിക്കൽ. തുടർനടപടികളോടു സഹകരിച്ച് മുന്നോട്ടു നീങ്ങൽ. അങ്ങനെ കോവിഡ് വ്യാപനം നാട്ടിൽ കുറയണം. നിയന്ത്രണനടപടികളിൽ അയവുണ്ടാകണം. കടകൾ തുറക്കണം. ലക്ഷ്യം വൈകാതെ സാധ്യമാകുമെന്ന ഉറച്ച വിശ്വാസത്തിലാണെന്ന് വ്യാപാരികൾ പറയുന്നു. ക്ലബ്ബ് പ്രവർത്തകരും സമ്മാനപദ്ധതികളുമായി രംഗത്തുണ്ട്.

മമ്പാട്ട് 10000 രൂപയും ബിരിയാണിയും

നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവർക്കാണ് പലയിടത്തും ആകർഷക സമ്മാനപദ്ധതികൾ നടപ്പാക്കുന്നത്. മമ്പാട് കുടുംബാരോഗ്യകേന്ദ്രവും പഞ്ചായത്തും ചേർന്നു നടത്തിയ പരിശോധനാക്യാമ്പിൽ രണ്ടുപേർക്ക് 5,000 രൂപവീതമാണ് സമ്മാനം പ്രഖ്യാപിച്ചത്.

മേപ്പാടം ബ്രദേഴ്‌സ് ക്ലബ്ബ് നറുക്കെടുപ്പിൽ പത്തുപേർക്ക് ബിരിയാണിയും നൽകി.

പഞ്ചായത്ത് പ്രസിഡന്റ് സി. ശ്രീനിവാസനും വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് എം.കെ. ജോസും സമ്മാനവിതരണം നടത്തി.

കെ.വി.വി.എസ്. സെക്രട്ടറി എ. അക്ബർ അധ്യക്ഷതവഹിച്ചു. ബ്രദേഴ്‌സ് ക്ലബ്ബ് പ്രസിഡന്റ് മുനീർ മേപ്പാടം, ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ് ബാബു, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ് ബാബു, ഇ. നസീർ, കെ.പി. ഫാസിൽ, പി. അഷ്‌റഫ്, കെ.പി. ശുഹൈബ്, വി. ഷമീൽ, കെ.എം. അഫ്‌സൽ തുടങ്ങിയവർ പങ്കെടുത്തു.

മൂഴിക്കൽ വീട്ടിൽ ഇരട്ട സമ്മാനം

മമ്പാട് പഞ്ചായത്തിൽ രണ്ടു ദിവസങ്ങളിലായി നടന്ന ക്യാമ്പിൽ മാതാവിനും മകൾക്കും സമ്മാനം. രണ്ടു ദിവസങ്ങളിലും നടന്ന നറുക്കെടുപ്പിൽ ഒന്നാംസമ്മാനം തന്നെയാണ് മമ്പാട് നടുവക്കാട്ടെ മൂഴിക്കൽ വീട്ടുകാർക്കു ലഭിച്ചത്.

ആദ്യ ദിവസം നൗഫിദയ്ക്കാണ് ഒന്നാംസമ്മാനമായ 5000 രൂപ ലഭിച്ചത്. ചൊവ്വാഴ്ചനടന്ന നറുക്കെടുപ്പിൽ ഇവരുടെ മകൾ ഹന്ന ഫാത്തിമയും 5000 രൂപയ്ക്ക് അർഹയായി.

ജനകീയ പ്രതിരോധം തുടരണം

രോഗബാധിതരെ കണ്ടെത്തി ഹോം ക്വാറന്റീനിലാക്കുന്നതിനുള്ള തീവ്രശ്രമത്തിലാണ് പഞ്ചായത്തും ആരോഗ്യവകുപ്പും. സഹായത്തിന് വ്യാപാരികളും ക്ലബ്ബ്പ്രവർത്തകരും സന്നദ്ധ, രാഷ്ടീയപ്രവർത്തകരുമെല്ലാം കൂടെയുണ്ട്. ഇവർ ഒരുക്കുന്ന സമ്മാനപദ്ധതികൾ കൂടുതൽപ്പേരെ പരിശോധനയിലേക്ക് ആകർഷിക്കാൻ ഇടയാക്കുന്നുണ്ട്. രോഗപ്രതിരോധരംഗത്ത് ഇത് സ്വാഗതാർഹമായ കാര്യമാണ്. ഇത്തരം കൂട്ടായ്മകൾ എല്ലായിടത്തും കൂടുതൽ സക്രിയമാകണം. ജനപങ്കാളിത്തതോടെ പ്രതിരോധമാർഗങ്ങൾ ശക്തമാക്കേണ്ടതുണ്ട്. ഒത്തുപിടിച്ച് പ്രതിരോധപ്രവർത്തനങ്ങളിൽ മുഴുകിയാൽ സ്ഥിതി സാധാരണഗതിയിലേക്കെത്തുമെന്നതും തീർച്ചയാണ്.

സി.പി. സുരേഷ് ബാബു,

ഹെൽത്ത് ഇൻസ്പെക്ടർ, മമ്പാട് കുടുംബാരോഗ്യകേന്ദ്രം.