നിലമ്പൂർ: നിലമ്പൂരിൽ വീണ്ടും വൻ കഞ്ചാവുവേട്ട. കാറിൽ കൊണ്ടുവന്ന 10.450 കിലോഗ്രാം കഞ്ചാവുമായി എൻജിനീയറിങ് വിദ്യാർഥിയടക്കം രണ്ടുപേർ പ്രത്യേക അന്വേഷണസംഘത്തിന്റെ പിടിയിലായി. പാലക്കാട് വാളയാർ കഞ്ചിക്കോട് എൻ. ജയകുമാർ (24), പത്തനംതിട്ട തിരുവല്ല കടപ്ര ചൈത്രംവീട്ടിൽ അനന്തുരാജ് (അനന്തു-22) എന്നിവരെയാണ് അറസ്റ്റ്ചെയ്തത്.
ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള കഞ്ചാവ് മൊത്തവിതരണക്കാർ വിദ്യാർഥികളെ ഉപയോഗിച്ച് ബൈക്കുകളിലും കാറുകളിലുമായി കഞ്ചാവും മറ്റു ലഹരി ഉത്പന്നങ്ങളും എത്തിക്കുന്നുവെന്ന വിവരം ജില്ലാ പോലീസ് മേധാവി പ്രതീഷ്കുമാറിന് ലഭിച്ച പ്രകാരം നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടിച്ചത്.
പെരിന്തൽമണ്ണ ഡിവൈ.എസ്.പി എം.പി. മോഹനചന്ദ്രൻ, നിലമ്പൂർ സി.ഐ കെ.എം. ബിജു, ഷാഡോ പോലീസ് എന്നിവരടങ്ങുന്ന ടീം ഒരാഴ്ചയോളം സൈബർസെല്ലിന്റെ സഹായത്തോടെ തമിഴ്നാട്ടിലും കർണാടകയിലുമായി രഹസ്യാന്വേഷണം നടത്തിയിരുന്നു.
വിദ്യാർഥികളെ താമസസ്ഥലങ്ങളിലും കോളേജ് ഹോസ്റ്റലുകളിലും ചെന്നുകണ്ട് പരിചയപ്പെട്ടശേഷമാണ് കാരിയർമാരാക്കുന്നത്. പുകവലിക്കുന്ന വിദ്യാർഥികളെ കണ്ടെത്തിയശേഷം അവർക്ക് സൗജന്യമായി ലഹരിവസ്തുക്കൾ നൽകി വരുതിയിലാക്കും. ഈ വിദ്യാർഥികൾക്ക് 2000, 3000 എന്നിങ്ങനെ പ്രതിഫലം നൽകിയാണ് വിൽപ്പന നടത്തുന്നത്.
അറസ്റ്റിലായ അനന്തുരാജ് കോയമ്പത്തൂർ ചാവടിയിലുള്ള ഒരു എൻജിനീയറിങ് കോളേജിലെ മൂന്നാംവർഷ വിദ്യാർഥിയാണ്.
കൂട്ടുപ്രതി ജയകുമാർ എൻജിനീയറിങ് പഠനം നിർത്തിയയാളാണ്. അനന്തുരാജ് ആദ്യം താമസിച്ചിരുന്ന വാടകമുറിയുടെ അടുത്തായിരുന്നു താമസം. ഈ പരിചയമുപയോഗിച്ചാണ് കോയമ്പത്തൂർ കുനിയമ്പത്തൂരിലുള്ള മുജീബ് ഭായ് എന്ന കഞ്ചാവ് മൊത്തവിതരണക്കാരനെ പരിചയപ്പെട്ട് വിതരണത്തിനുള്ള കാരിയറായി പ്രവർത്തിക്കാൻ തുടങ്ങിയത്. തമിഴ്നാട്ടിലും കർണാടകയിലുമുള്ള നിരവധി വിദ്യാർഥികളെ പ്രലോഭിപ്പിച്ച് ലഹരിവസ്തുക്കൾ എത്തിച്ചതായി പ്രതികളെ ചോദ്യംചെയ്തതിൽ വെളിപ്പെട്ടിട്ടുണ്ട്.
നിലമ്പൂർ അഡീഷണൽ എസ്.ഐ അഷ്റഫ്, ഷാഡോ പോലീസ് അംഗങ്ങളായ സി.പി. മുരളി, എൻ.ടി. കൃഷ്ണകുമാർ, ടി. ശ്രീകുമാർ, എം. മനോജ്കുമാർ, മുഹമ്മദ് ഷാഫി, പ്രദീപ്കുമാർ, മാത്യു, റഹിയാനത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ്ചെയ്തത്.