കുറ്റിപ്പുറം: വിപ്ലവ മണ്ണില്‍നിന്ന് ഫ്രഞ്ച് പട ഫുട്ബോള്‍ ലോക കിരീടം സ്വന്തമായാക്കിയിട്ട് ഇന്ന് ഒരുവര്‍ഷം. കേരളത്തിലെ കട്ട ഫാന്‍സും ആഘോഷം ഒട്ടും കുറച്ചില്ല. മലപ്പുറം ജില്ലയിലെ തവനൂരിലെ വൃദ്ധസദനത്തിലെയും ബാലസദനത്തിലെയും അന്തേവാസികള്‍ക്കൊപ്പം മധുരം പങ്കുവെച്ചാണ് കേരള ഫ്രാന്‍സ് ഫാന്‍സ് വിജയമാഘോഷിച്ചത്.
കഴിഞ്ഞ ജൂലായ് 15-നാണ് ലോകകപ്പ് ഫുട്ബോൾ മത്സരത്തിൽ ഫ്രാൻസ് കിരീടം നേടിയത്. തിങ്കളാഴ്ചയാണ് വാർഷികമെങ്കിലും പുനരധിവാസകേന്ദ്രങ്ങളിലെ സൗകര്യംകൂടി കണക്കിലെടുത്ത് ആഘോഷം ഞായറാഴ്ച നടത്തുകയായിരുന്നു.

ബാലമന്ദിരത്തിലെ കുട്ടികൾക്കൊപ്പം കേക്ക് മുറിച്ചാണ് വാർഷാകാഘോഷത്തിന് തുടക്കംകുറിച്ചത്. അന്തേവാസികൾക്ക് ഉപകാരപ്രദമായ വാട്ടർ ഡിസ്പെൻസർ, വാക്കിങ് സ്റ്റിക്സ്, ബാഡ്മിന്റണ്‍ കിറ്റ് ഉൾപ്പെടെയുള്ള സാധനങ്ങളും സാമ്പത്തികസഹായവും കൈമാറിയാണ് ആരാധകർ മടങ്ങിയത്.
ഇന്ത്യയിലുള്ള ഫ്രാന്‍സ് ഫുട്ബോള്‍ ആരാധകരെ ഉള്‍പ്പെടുത്തി ഒഫീഷ്യല്‍ ഫ്രഞ്ച് സപ്പോര്‍ട്ടേഴ്സ് ക്ലബ് തുടങ്ങാനുള്ള ശ്രമത്തിലാണ് ഫ്രഞ്ച് ഫാന്‍സ് കേരളയെന്ന് എഫ്.എഫ്.കെ. അംഗം തൗഫീര്‍ പറഞ്ഞു.
വാർഷികാഘോഷത്തിന് അഫ്സൽ വളാഞ്ചേരി, ഫാസിൽ തുവ്വൂർ, മർവാൻ മഞ്ചേരി, സൈഫു വളാഞ്ചേരി, ഹക്കീം വളാഞ്ചേരി, ആസാദ് കുറ്റിപ്പുറം, യൂസുഫ് കോട്ടയ്ക്കൽ, അഹ്സാദ് വെട്ടിച്ചിറ, ഫാരിസ് എന്നിവർ നേതൃത്വംനൽകി.
Content Highlights: Different celebration of French world cup win