നിലമ്പൂർ: പോത്തുകൽ മേഖലയിലെ പ്രളയദുരന്ത ബാധിതർക്ക് വീടുകൾ അനുവദിക്കുന്നത് സംബന്ധിച്ച് വിളിച്ചുചേർത്ത യോഗം ബഹളത്തിൽ കലാശിച്ചു. പഞ്ചായത്ത് ഹാളിൽ കളക്ടർ വിളിച്ച യോഗമാണ് പ്രക്ഷുബ്ധ രംഗങ്ങൾക്കിടയാക്കിയത്.

രാവിലെ പത്തുമണിക്കാണ് യോഗം ആരംഭിച്ചത്. കവളപ്പാറ, പാതാർ, പനങ്കയം, കൂവക്കോൽ, ഭൂദാനം, മുണ്ടേരി തുടങ്ങി പ്രളയദുരിതം നേരിട്ട പ്രദേശങ്ങളിലെ ഭൂരിഭാഗം ആളുകളും യോഗത്തിനെത്തിയിരുന്നു. ഡെപ്യൂട്ടി തഹസിൽദാർ പി. രാജഗോപാൽ, പോത്തുകൽ വില്ലേജ് ഓഫീസർ റെനി വർഗീസ്, കുറുമ്പലങ്ങോട് വില്ലേജ് ഓഫീസർ അരവിന്ദാക്ഷൻ എന്നിവരാണ് യോഗത്തിനെത്തിയത്. ജില്ലാ കളക്ടർ യോഗത്തിനെത്തുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാൽ ജനങ്ങളുടെ പ്രതിഷേധം മുന്നിൽക്കണ്ട് തഹസിൽദാരും കളക്ടറും യോഗത്തിനെത്തിയില്ല.

പ്രളയത്തിൽ 75 ശതമാനം നാശനഷ്ടം നേരിട്ടവർ മാത്രം യോഗത്തിന് നിന്നാൽമതിയെന്ന് ഉദ്യോഗസ്ഥർ അറിയിച്ചതോടെയാണ് ബഹളത്തിന് തുടക്കമായത്. തുടർന്ന് വീടും സ്ഥലവും അനുവദിക്കപ്പെട്ടവരുടെ പട്ടിക ഉദ്യോഗസ്ഥർ വായിച്ചു. അർഹരായ പലരും ഇതിൽ ഉൾപ്പെട്ടിരുന്നില്ല. വീടുകൾ അനുവദിക്കപ്പെട്ട ചിലരുടെ പേരുകൾ പല പട്ടികകളിലും ഉൾപ്പെടുകയും ചെയ്തു. ഇതോടെ ദുരിതബാധിതർ ഉദ്യോഗസ്ഥർക്ക് നേരെ തിരിഞ്ഞു. തങ്ങളുടെ കാര്യത്തിൽ തീരുമാനമാകാതെ ഉദ്യോഗസ്ഥരെ ഹാളിൽനിന്ന് പുറത്തേക്ക് വിടില്ലെന്ന് ആളുകൾ അറിയിച്ചതോടെ യോഗം കൂടുതൽ ബഹളമയമായി. ഒച്ചപ്പാടും വാക്കേറ്റവും ഏറെനേരം നീണ്ടു.

എഴുപത്തിയഞ്ച് ശതമാനം നാശനഷ്ടം നേരിട്ട ഭൂമിയുള്ളവർക്ക് വീട് വെക്കുന്നതുമായി ബന്ധപ്പെട്ടാണ് യോഗം വിളിച്ചതെന്നും മറ്റുള്ളവരുടെ കാര്യം പിന്നീട് യോഗം ചേർന്ന് പരിഗണിക്കുമെന്നും പട്ടികയിൽ ഉൾപ്പെടാത്തവർക്ക് വീണ്ടും അപേക്ഷ നൽകാമെന്നും അറിയിച്ചതോടെയാണ് ഒരുമണിയോടെ ജനങ്ങൾ ശാന്തരായത്. സർക്കാർ അടിയന്തര സഹായമായി നൽകിയ പതിനായിരം രൂപ വിതരണം ചെയ്യുന്ന കാര്യത്തിൽപോലും റവന്യൂ ഉദ്യോഗസ്ഥർ വീഴ്ചവരുത്തിയെന്നും അനർഹരായ ആളുകളെ വഴിവിട്ട് പട്ടികയിൽ ഉൾപ്പെടുത്തി സഹായം അനുവദിച്ചതായും ദുരന്തബാധിതർ ആരോപിച്ചു.