പെരിന്തൽമണ്ണ: സമീപത്തെ കെട്ടിടങ്ങളിലേക്ക് പടരാതെ തീ നിയന്ത്രണവിധേയമാക്കിയത് അഗ്നിരക്ഷാസേനയുടെ വാട്ടർ ബൗസർ സംവിധാനം. ഹോസുകൾ ഇല്ലാതെ 50 മീറ്റർ വരെ ദൂരത്തുനിന്ന് പ്രവർത്തിപ്പിക്കാൻ കഴിയുന്നതാണിത്. തീ ആളിക്കത്തുന്നതിനിടെയാണ് മലപ്പുറം യൂണിറ്റിൽനിന്നുള്ള വാട്ടർ ബൗസർ വാഹനം എത്തിയത്.
റോഡിൽ നിർത്തിയിട്ട വാഹനത്തിൽനിന്ന് തുടർച്ചയായി വെള്ളമടിച്ചതോടെ തീ നിയന്ത്രിക്കാനായി. അതുവരെ ഹോസുകൾ ഉപയോഗിച്ചായിരുന്നു രക്ഷാപ്രവർത്തനം.
റിമോട്ടും മോണിറ്ററും ഉപയോഗിച്ച് പ്രവർത്തിപ്പിക്കാൻ കഴിയുന്നതാണ് വാട്ടർ ബൗസർ. ബഹുനിലക്കെട്ടിടങ്ങളിൽ എളുപ്പത്തിൽ തീയണയ്ക്കാൻ കഴിയും. ഇതിൽ സാധാരണ വാഹനങ്ങളുടെ മൂന്നിരട്ടി വെള്ളം സംഭരിക്കാം. 12,000 ലിറ്ററാണ് സംഭരണശേഷി. വെള്ളത്തിനൊപ്പം പതയും ചേർത്ത് ഉപയോഗിക്കാൻ കഴിയും.
പെരിന്തൽമണ്ണയിൽ മോണിറ്റർ ഉപയോഗിച്ച് രണ്ടുതവണയാണ് വാട്ടർ ബൗസർ പ്രവർത്തിപ്പിച്ചത്. അഞ്ചുമിനിറ്റുകൊണ്ട് തീയുടെ ശക്തി കുറഞ്ഞു. രണ്ടാംതവണയും വെള്ളമടിച്ചതോടെ തീ ഏറെക്കുറെ അണഞ്ഞു. പിന്നീട് ഹോസ് വഴിയും വെള്ളം പമ്പ്ചെയ്തു. ആറുമാസം മുൻപ് മലപ്പുറത്തെത്തിയ വാട്ടർ ബൗസർ ഉപയോഗിച്ചുള്ള ആദ്യ രക്ഷാപ്രവർത്തനമാണിത്.