മലപ്പുറം : അടുക്കളയിൽ കളിക്കുന്നതിനിടയിൽ നെഞ്ചോളം ഭാഗം അലൂമിനിയം പാത്രത്തിനുള്ളിൽ കുടുങ്ങിയ രണ്ടു വയസ്സുകാരനെ മലപ്പുറം അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. ശനിയാഴ്ച ഉച്ചയ്ക്ക്‌ ഒന്നരയോടെയാണ് സംഭവം. ചട്ടിപ്പറമ്പ് സ്വദേശി പാട്ടുപാറയിൽ അബ്ദുൽവഹാബിന്റെ മകൻ രണ്ടര വയസ്സുള്ള യുവാൻ ജൂതിനെയാണ് രക്ഷപ്പെടുത്തിയത്.

കളിക്കുന്നതിനിടയിൽ അലൂമിനിയം പാത്രത്തിനുള്ളിലേക്കു ഇറങ്ങിയ കുട്ടിയുടെ നെഞ്ചോളം ഭാഗം കുടുങ്ങിപ്പോയി. വീട്ടുകാർ നടത്തിയ ശ്രമം പരാജയപ്പെട്ടതോടെ കുട്ടിയെ മലപ്പുറം അഗ്നിരക്ഷാ നിലയത്തിലേക്ക് വീട്ടുകാർ എത്തിച്ചു.

സേനാംഗങ്ങൾ പാത്രം മുറിച്ചാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. സ്റ്റേഷൻ ഓഫീസർ എം. അബ്ദുൽഗഫൂറിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ ജി. സുനിൽകുമാർ, ആർ.വി. സജികുമാർ, ടി.പി. ബിജീഷ്, എം. നിസാമുദ്ദീൻ, വി. അബ്ദുൽമുനീർ, എൽ. ഗോപാലകൃഷ്ണൻ, സി.പി. അൻവർ, കെ. വിപിൻ, ടി. കൃഷ്ണകുമാർ എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്. നെഞ്ചോളം അലൂമിനിയം പാത്രത്തിനുള്ളിൽ കുടുങ്ങിയ യുവാൻ ജൂതിനെ മലപ്പുറം അഗ്നിരക്ഷാ നിലയത്തിലെ സേനാംഗങ്ങൾ രക്ഷപ്പെടുത്തുന്നു