എടക്കര: രോഗശമനത്തിന് മാനസിക ഉല്ലാസവും ആവശ്യമാണെന്ന് വഴിക്കടവ് കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിയാൽ മനസ്സിലാവും.

ആശുപത്രി പരിസരം രോഗീസൗഹൃദമാക്കി മാറ്റുന്നതിന്റെ ഭാഗമായി മനോഹരമായ പാർക്കാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. മനോഹരമായ കമാനം, അമ്മയുംകുഞ്ഞും, കാരറ്റ്, ബീറ്റ്‌റൂട്ട്, വെണ്ടക്ക, വാവയ്ക്ക എന്നിവയുടെ ആകൃതിയിൽ പണിത ഇരിപ്പിടങ്ങൾ, കുളം, കുട്ടികൾക്ക് കളിക്കാനുള്ള ഉപകരണങ്ങൾ, പുൽത്തകിടി, ചെടികൾ എന്നിവയെല്ലാമാണ് ഇവിടുത്തെ ആകർഷണം.

20 സെന്റ് സ്ഥലത്ത് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് 15 ലക്ഷംരൂപ ചെലവിലാണ് പാർക്ക് ഒരുക്കിയത്. ഒറ്റപ്പാലത്തെ ചേരാസ് ഗ്രൂപ്പിനായിരുന്നു നിർമാണച്ചുമതല. ആശുപത്രി കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തിയതിനെത്തുടർന്നാണ് ഇവിടെ പാർക്ക് ഒരുക്കാൻ അധികൃതർ തീരുമാനിച്ചത്.

വൃദ്ധരുൾപ്പെടെയുള്ള രോഗികൾ മണിക്കൂറുകൾ ചെലവഴിച്ചാണ് ഇവിടെനിന്നും പോവുന്നത്. ഡിസംബറിൽ സ്പീക്കർ ശ്രീരാമകൃഷ്ണൻ പാർക്ക് ഉദ്ഘാടനംചെയ്യുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഇ.എ. സുകുപറഞ്ഞു.