കോട്ടയ്ക്കൽ: കുടുംബങ്ങൾക്ക് പ്രതിവർഷം 72,000 രൂപ ഉറപ്പ് വരുത്തുന്ന ന്യായ് ഫോർ ഇന്ത്യ രാജ്യത്തെ ഏറ്റവും വലിയ ദാരിദ്ര്യനിർമാർജന പദ്ധതിയാവുമെന്ന് പൊന്നാനി മണ്ഡലം യു.ഡി.എഫ്. സ്ഥാനാർഥി ഇ.ടി. മുഹമ്മദ് ബഷീർ എം.പി. തിരഞ്ഞെടുപ്പുപ്രചാരണത്തിന്റെ ഭാഗമായി വിവിധകുടുംബയോഗങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാറാക്കര, പൊന്മള, കോട്ടയ്ക്കൽ, എടയൂർ, വളാഞ്ചേരി, ഇരിമ്പിളിയം പഞ്ചായത്തുകളിൽ കുടുംബയോഗങ്ങളിൽ പങ്കെടുത്തു. മരവട്ടം മലബാർ പോളിടെക്നിക്, ഗ്രെയ്സ് വാലി തുടങ്ങിയ സ്ഥാപനങ്ങളും സന്ദർശിച്ചു. ഉത്സവം നടക്കുന്ന തോട്ടപ്പായ പൂവിൽ ഭഗവതീ ക്ഷേത്രത്തിലെത്തിയ ഇ.ടിയെ ക്ഷേത്ര ഭാരവാഹികളും ഭക്തജനങ്ങളും ചേർന്ന് സ്വീകരിച്ചു.
ലീഗ് സംസ്ഥാന ജനറൽസെക്രട്ടറി കെ.പി.എ. മജീദ്, കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ., സുഹ്റ മമ്പാട്, സി.എച്ച്. അബൂയൂസഫ് ഗുരുക്കൾ, ബഷീർ രണ്ടത്താണി, വി. മധുസൂദനൻ, കെ.കെ. നാസർ തുടങ്ങിയവർ വിവിധസ്ഥലങ്ങളിൽ പങ്കെടുത്തു.