എരമംഗലം: ചരിത്രപരമായ ദൗത്യം നിർവഹിക്കുന്നതിൻറെ ഭാഗമായി പാർലമെൻറിൽ മുന്നാക്ക സംവരണത്തിനെതിരേ വോട്ട് ചെയ്തതിൽ അഭിമാനിക്കുന്നുവെന്ന് ഇ.ടി. മുഹമ്മദ് ബഷീർ എം.പി. പറഞ്ഞു. മുസ്‌ലിം യൂത്ത് ലീഗ് പൊന്നാനി മണ്ഡലം സമ്മേളനം വെളിയങ്കോട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുസ്‌ലിംലീഗ് മുന്നാക്കവിഭാഗത്തിന് എതിരല്ല. മുന്നാക്ക വിഭാഗത്തിന് കമ്മിഷൻ രൂപവത്കരിച്ചത് യു.ഡി.എഫ്. സർക്കാരാണെന്നും സംവരണത്തിനെതിരേ വോട്ട് ചെയ്തതിൽ പ്രധാനമന്ത്രി ലീഗിനെ വിമർശിച്ചത് കാര്യമാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയത്തിൽ സി.പി.എമ്മും ബി.ജെ.പിയും കള്ളക്കളിയാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
യൂത്ത് ലീഗ് പൊന്നാനി മണ്ഡലം പ്രസിഡൻറ് യു. മുനീബ് അധ്യക്ഷനായി. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ മുഖ്യാതിഥിയായിരുന്നു. ദേശീയ ഉപാധ്യക്ഷൻ ഫൈസൽ ബാബു മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ഉപാധ്യക്ഷൻ ഫൈസൽ ബാഫഖി തങ്ങൾ, ജില്ലാസെക്രട്ടറി വി.കെ.എം. ഷാഫി, അഷ്‌റഫ് കോക്കൂർ, ഷാനവാസ് വട്ടത്തൂർ, ഇ. ഷെമീർ, കെ.സി. ഷിഹാബ്, കെ.എ. ബക്കർ, വി.ഐ.എം. അഷ്‌റഫ്, കെ.കെ. ബീരാൻകുട്ടി എന്നിവർ പ്രസംഗിച്ചു. സമ്മേളനത്തിന്റെ ഭാഗമായി പുതിയിരുത്തി മുതൽ വെളിയങ്കോട് വരെ യൂത്ത് ലീഗ് കരുത്തറിയിച്ചുള്ള യുവജനറാലിയും നടന്നു.