എരമംഗലം: കാലവർഷങ്ങളിൽ മഴവെള്ളം കനോലികനാലിലേക്ക് ഒഴുക്കിവിട്ടിരുന്ന വഴിയിൽ അശാസ്ത്രീയമായി റോഡ് നിർമിച്ചതും തണ്ണീർത്തടങ്ങൾ മണ്ണിട്ട് നികത്തിയതും തിരിച്ചടിയാകുന്നു. കനത്തമഴ തുടരുമ്പോഴും വെള്ളക്കെട്ടൊഴിയാതെ ദുരിതത്തിൽ കഴിയുകയാണ് വെളിയങ്കോട് ഗ്രാമപ്പഞ്ചായത്തിലെ പതിമൂന്നാംവാർഡിലെ ഗ്രാമം പ്രദേശത്തെ 40 കുടുംബങ്ങൾ.

ഗ്രാമത്തിൽ പടിഞ്ഞാറയിൽ പുരുഷോത്തമൻ, എൻ.പി. അലി, ഷണ്മുഖൻ, വിജയൻ, കുഞ്ഞു, തെങ്ങിൽ മൊയ്തുട്ടി, മാളിയേക്കൽ അഷ്‌റഫ്, നമ്പിശ്ശേരി മുസ്തഫ, ചൂലയിൽ ശശി, നെടുശ്ശേരി വളപ്പിൽ മജീദ്, ഗ്രാമത്തിൽ കിഴക്കേതിൽ ശിവൻ തുടങ്ങിയവരുടെ വീടുകളാണ്‌ വെള്ളക്കെട്ടിലായിരിക്കുന്നത്. ഇതിൽ കുഞ്ഞു, പുരുഷോത്തമൻ എന്നിവരുടെ കുടുംബം വീടുകളിൽനിന്നും ബന്ധുവീടുകളിലേക്ക് താമസം മാറി. ഗ്രാമം ആശാരിമുക്കിൽ രണ്ടുമാസം മുമ്പ് പഞ്ചായത്ത് നിർമിച്ച കോൺക്രീറ്റ് റോഡിന്റെ നിർമാണത്തിലെ അശാസ്ത്രീയതയാണ് ഇവിടുത്തെ പത്ത് വീടുകളിൽ വെള്ളംകയറാൻ ഇടയാക്കിയതെങ്കിൽ വട്ടേക്കാട് ശ്രീ ഭഗവതി ക്ഷേത്ര പരിസരം, അജ്മീരിയ്യ മദ്രസ പരിസരം എന്നിവിടങ്ങളിൽ ഭൂമാഫിയ തണ്ണീർത്തടങ്ങൾ മണ്ണിട്ടു നികത്തിയതാണ് വിനയായത്.

ഇവിടങ്ങളിൽ ഒരിടത്തേക്കും വെള്ളം ഒഴുകിപ്പോവാതെ കെട്ടിക്കിടക്കുന്നത് കൊതുക് പെരുകുന്നതിനും ദുർഗന്ധം പരത്തുന്നതിനും കാരണമാകുന്നു. പകർച്ചവ്യാധി ഭീതിയുണ്ട്.