അങ്ങാടിപ്പുറം: ഷൊർണൂർ - നിലമ്പൂർ റെയിൽവേപാതയുടെ വൈദ്യുതീകരണപ്രവൃത്തികൾ തുടങ്ങി. വ്യാഴാഴ്ച വാടാനാംകുറിശ്ശിയിൽ ആദ്യ തൂൺ സ്ഥാപിച്ചാണ് പ്രവൃത്തികൾക്ക് തുടക്കമായത്. പാലക്കാട് ഡെപ്യൂട്ടി ചീഫ് ഇലക്ട്രിക്കൽ എൻജിനീയർ കെ.എ. സജിയുടെ നേതൃത്വത്തിലുള്ള ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് പണി ആരംഭിച്ചത്.

ഒക്ടോബർ അവസാനത്തോടെ പ്രവൃത്തികൾ പൂർത്തിയാക്കാനാണ് കരാർ ഏറ്റെടുത്ത ലാർസൻ ആൻഡ് ടൂബ്രോ (എൽ.ആൻഡ്.ടി.) കമ്പനിയുടെ ലക്ഷ്യം. 66 കി.മീ പാതയും ബാക്കി നാല് കി.മീ അങ്ങാടിപ്പുറം, വാണിയമ്പലം, നിലമ്പൂർ യാർഡുകളും അടക്കം 70 കി.മീ. വൈദ്യുതീകരിക്കാൻ 1300 തൂണുകളിൽക്കൂടി കാന്റിലിവർ രീതിയിലാണ് വൈദ്യുതിക്കമ്പികൾ കടന്നുപോവുക. മുടങ്ങാതെ വൈദ്യുതി ലഭിക്കാൻ മേലാറ്റൂരിൽ ട്രാക്‌ഷൻ സബ് സ്റ്റേഷൻ നിർമിക്കും.

കെ.എസ്.ഇ.ബി. മേലാറ്റൂർ 110 കെ.വി. സബ്‌സ്റ്റേഷനുമായി ഇതിനെ ബന്ധിപ്പിക്കും. വാടാനാംകുറിശ്ശി, അങ്ങാടിപ്പുറം, വാണിയമ്പലം എന്നിവയാണ് സ്വിച്ചിങ് സ്റ്റേഷനുകൾ. ടവർ വാഗൺഷെഡും ഓവർഹെഡ് എക്വിപ്‌മെന്റ് ഡിപ്പോയും ഓഫീസും ക്വാർട്ടേഴ്‌സുകളും നിലമ്പൂരിലാണ്.