എടവണ്ണ: പഞ്ചായത്തിലെ രണ്ട് വിവരാവകാശ പ്രവർത്തകരെ ശല്യക്കാരായി പ്രഖ്യാപിക്കണമെന്ന ഭരണസമിതി തീരുമാനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രമേയം. ഇടതുപക്ഷ അംഗങ്ങൾ സമർപ്പിച്ച പ്രമേയം ഭരണസമിതി തള്ളി.
ആറുമാസം മുൻപ് എടുത്ത തീരുമാനം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ചൊവ്വാഴ്ച ഇടത് അംഗങ്ങൾ പ്രമേയം അവതരിപ്പിച്ചത്. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കൈക്കൊണ്ട തീരുമാനം റദ്ദാക്കേണ്ടതില്ലെന്നാണ് ഭരണസമിതി വിലയിരുത്തിയത്. പ്രമേയം വോട്ടിനിട്ട് തള്ളുകയായിരുന്നു. കഴിഞ്ഞ ജനുവരി 15-നാണ് പഞ്ചായത്തിലെ രണ്ട് വിവരാവകാശ പ്രവർത്തകരെ ശല്യക്കാരായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ് വിവരാവകാശ കമ്മിഷന് കത്ത് നൽകിയത്.
വിവരാവകാശ പ്രവർത്തകരിൽ ഒരാൾ സി.പി.എം. ബ്രാഞ്ച് സമിതി അംഗമാണ്. ശല്യക്കാരായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കത്ത് നൽകിയത് ഈയിടെയാണ് വിവരാവകാശ പ്രവർത്തകർ അറിഞ്ഞത്. സംഭവം സി.പി.എമ്മിലും വിവാദമായി. അംഗങ്ങൾക്ക് വീഴ്ചപറ്റിയെന്ന് സി.പി.എം. വിലയിരുത്തി.