എടപ്പാൾ: എടപ്പാളിലെ പൂരാടവാണിഭത്തിനും ഇത്തവണ പകിട്ടുകുറഞ്ഞു. പൂരാടം നക്ഷത്രം ബുധനാഴ്ചയായിരുന്നെങ്കിലും ബക്രീദ് ദിനമായിരുന്നതിനാൽ കാര്യമായ കച്ചവടമൊന്നുമുണ്ടായില്ല.

വ്യാഴാഴ്ച കുറച്ചു കാഴ്ചക്കുലകളും കച്ചവടക്കാരും അങ്ങാടിയിലെത്തിയെങ്കിലും കാര്യമായ ജനത്തിരക്കൊന്നുമുണ്ടായില്ല. വാണിഭത്തിലേക്ക് കാര്യമായി കുലകൾ വന്നിരുന്ന വയനാട്ടിലടക്കം പ്രളയത്തിൽ നേന്ത്രവാഴക്കൃഷികൾ നശിച്ചതും കാഴ്ചക്കുലകളുടെ വരവിനെ ബാധിച്ചു. 50 രൂപയുണ്ടായിരുന്ന നേന്ത്രപ്പഴത്തിന് 70-80 രൂപവരെയായി വില ഉയർന്നു. ആവശ്യക്കാർ കുറവായതിനാലാണ് വില അതിനപ്പുറം കടക്കാതിരുന്നത്. ഗുരുവായൂരടക്കമുള്ള ക്ഷേത്രങ്ങളിലേക്കുള്ള കാഴ്ചക്കുലകൾക്കായി കുറച്ചാളുകൾ വ്യാഴാഴ്ചയും ഇവിടെ വന്നു. വസ്ത്രങ്ങളുടെയും കളിപ്പാട്ടങ്ങളുടെയും കുറച്ച് കച്ചവടക്കാരും വാണിഭത്തിനെത്തിയിരുന്നു.