എടക്കര: പ്രളയം ചതിച്ചു, നിലമ്പൂരിലെ കുരുമുളക് കർഷകർക്ക് കണ്ണീരിന്റെ വിളവെടുപ്പ് കാലം. ഉത്‌പാദനവും വിലയും കുറഞ്ഞതോടെ കുരുമുളക് വിളവെടുക്കാൻപോലും കർഷകർക്ക് താത്‌പര്യമില്ല. 600 മുതൽ 450 രൂപ വരെ മുൻ വർഷങ്ങളിൽ വില കിട്ടിയിരുന്നെങ്കിൽ ഈവർഷം 300 രൂപയാണ് കിലോയ്ക്ക് ലഭിക്കുന്നത്.

പ്രളയത്തിൽ വെളളം കെട്ടിനിന്ന താഴ്ന്നപ്രദേശങ്ങളിലെ കുരുമുളകുവള്ളികൾ അധികവും ഉണങ്ങിപ്പോയിരുന്നു. ഉയർന്ന പ്രദേശങ്ങളിലെ തോട്ടങ്ങളിലെ ചെടികളിൽ കുരുമുളക് നന്നേ കുറഞ്ഞു. പലതിലും കൈവിരലിൽ എണ്ണാവുന്നത്ര മണികൾ മാത്രം.

മണിമൂളി, പോത്തുകല്ല്, പാതാർ, മരുത, ചുങ്കത്തറ, പൂക്കോട്ടുമണ്ണ, ചാലിയാർ എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിലാണ് ചെടികൾ ഉണങ്ങിയത്.

ഈ പ്രദേശങ്ങളിൽ കാർഷിക ഗവേഷണകേന്ദ്രത്തിലെ ശാസ്ത്രജ്ഞർ പ്രളയത്തിനുശേഷം സന്ദർശിച്ചിരുന്നു. പോത്തുകല്ല് മലാംകുണ്ട് താഴെപറമ്പൻ മൊയ്തീൻകുട്ടിക്ക് ആയിരത്തോളം കുരുമുളക് ചെടികൾ ഉണ്ട്. കഴിഞ്ഞവർഷം അഞ്ച് ക്വിന്റൽ കുരുമുളക് കിട്ടി. ഇക്കൊല്ലം 150 കിലോ പോലും കിട്ടാൻ സാധ്യതയില്ലെന്ന് ഇദ്ദേഹം പറഞ്ഞു. കുന്നിൻപ്രദേശത്താണ് തോട്ടം. പല ചെടികളിലും കുരുമുളക് ഇല്ല. മരത്തിൽ കയറി കുരുമുളക് പറിക്കുന്നതിന് 1300 രൂപ വരെ കൂലി നല്കണം. ഇക്കൊല്ലം കൂലി നല്കാൻ കൈയിൽ പണം കരുതണമെന്ന് അദ്ദേഹം പറഞ്ഞു.

അറക്കുളം മുണ്ടി, കരിമുണ്ട, പന്നിയൂർ മുതലായ ഇനങ്ങളിലെ വള്ളികളാണ് ഇവിടുത്തെ തോട്ടങ്ങളിലുള്ളത്. എല്ലാ ഇനങ്ങളിലും വിളവ് ഇക്കുറി മോശമാണ്. ചെടി ഉണങ്ങാതിരിക്കാനും തിരി കൊഴിയാതിരിക്കാനുമായി കൃഷിവകുപ്പിൽനിന്ന് മരുന്ന് ലഭിച്ചിരുന്നു. എന്നാൽ തുടർച്ചയായ മഴ കാരണം മരുന്ന് പ്രയോഗിക്കാൻ കഴിഞ്ഞില്ല.

കൃഷി വകുപ്പിന്റെ മുണ്ടേരിയിലെ വിത്ത് കൃഷിത്തോട്ടത്തിലേക്ക് വിത്ത് ഉത്‌പാദിപ്പിക്കാനായി കുരുമുളകുവള്ളികൾ നല്കുന്ന തോട്ടങ്ങളാണ് ഇവയെല്ലാം.

കഴിഞ്ഞ ആറുവർഷമായി മൊയ്തീൻകുട്ടി വള്ളികൾ നല്കുന്നുണ്ട്. കഴിഞ്ഞവർഷം 20000 വള്ളികൾ നല്കി. തോട്ടം നശിച്ചതോടെ പല കർഷകർക്കും കുരുമുളക് വള്ളികൾ വിലയ്ക്കുവാങ്ങേണ്ട സ്ഥിതിയാണ്.