എടക്കര: പഞ്ചായത്തംഗങ്ങളുടെ അടുക്കളത്തോട്ടങ്ങളിൽ ഇനി പച്ചക്കറിയും വിളയും. സംസ്ഥാന സർക്കാരിന്റെ ജീവനി പദ്ധതി പ്രകാരമാണ് ത്രിതല പഞ്ചായത്ത് അംഗങ്ങൾ കൃഷിയിലേക്കിറങ്ങുന്നത്. മുഴുവൻ ആളുകൾക്കും കൃഷിയിൽ താത്‌പര്യം വർധിപ്പിക്കലാണ് പദ്ധതി ലക്ഷ്യംവെക്കുന്നത്. കൃഷിവകുപ്പും ആരോഗ്യവകുപ്പും ചേർന്നാണിത് നടപ്പാക്കുന്നത്.

കൃഷിക്കായി നാടൻ ഇനങ്ങളിലുള്ള പപ്പായ, മുരിങ്ങ, കറിവേപ്പ്, കോവൽ എന്നിവയുടെ തൈകൾ സൗജന്യമായി നൽകും. അടുത്തവർഷം ഏപ്രിൽ വരെയാണ് കൃഷി ചെയ്യേണ്ടത്. കൃഷിത്തോട്ടം പരിശോധിക്കാനായി ഇടയ്ക്ക് അധികൃതരുമെത്തും. പത്തുസെന്റിലാണ് കൃഷിത്തോട്ടം ഒരുക്കുന്നത്. ആവശ്യമായ സ്ഥലം സ്വന്തമായില്ലാത്ത അംഗങ്ങൾക്ക് മറ്റൊരാളെ കൃഷിചെയ്യാൻ ചുമതലപ്പെടുത്താം.

അടുത്തഘട്ടം മുതൽ ഗർഭിണികളെയും പരിഗണിക്കും. ഗർഭിണികളിൽ കാണുന്ന പോഷകാഹാരക്കുറവ് പരിഹരിക്കുകയാണ് ആരോഗ്യവകുപ്പിന്റെ ലക്ഷ്യം. ഇതിനായി പോഷകമൂല്യമുള്ള മറ്റു തൈകളും വിതരണംചെയ്യും.

എടക്കരയിൽ പ്രസിഡന്റ് ആലീസ് അമ്പാട്ട് പഞ്ചായത്തംഗം കവിത ജയപ്രകാശിന് തൈ നൽകി പദ്ധതി ഉദ്ഘാടനംചെയ്തു. ആയിശക്കുട്ടി അധ്യക്ഷതവഹിച്ചു. കൃഷി ഓഫീസർ ബെന്നി സെബാസ്റ്റ്യൻ, പി.വി. സതീഷ്, ശ്രീജയ്, രഞ്ജിമ, എം. ഉമ്മർ, തോപ്പിൽ ബാബു, റഹിം, റോയി പട്ടന്താനം തുടങ്ങിയവർ പ്രസംഗിച്ചു.