എടക്കര: ഉരുൾപൊട്ടലിൽ പൈപ്പുകൾ തകർന്നു. ദുരിതാശ്വാസ ക്യാമ്പുകളിൽനിന്ന് വീട്ടിലെത്തുന്ന പാതാറുകാരെ കാത്തിരിക്കുന്നത് കടുത്ത കുടിവെള്ളക്ഷാമം. അതിരുവീട്ടി, മലാംകുണ്ട്, പാതാർ, വാളംകൊല്ലി ഈസ്റ്റ്, വെസ്റ്റ്, കൂവക്കോൽ എന്നിവിടങ്ങളിലെ നൂറോളം കുടുംബങ്ങൾക്കാണ് കുടിവെള്ളം കിട്ടാക്കനിയായത്. വാളംകൊല്ലി മലയിൽ നിർമ്മിച്ച കുഴികളിൽനിന്നാണ് ഈ വീടുകളിലേക്ക് പൈപ്പുകൾവഴി വെള്ളം എത്തിക്കുന്നത്.
ജനവാസ കേന്ദ്രങ്ങളിൽനിന്ന് ഒരു കിലോമീറ്റർ ദൂരമുണ്ട് ഇവിടേയ്ക്ക്. ഇവിടെ മൂന്ന് ഇടങ്ങളിൽ സംഭവിച്ച ഉരുൾ പൊട്ടലുംകൂടി ചേർന്നാണ് പാതാറിൽ നാശംവിതച്ചത്. ഇതോടെ പൈപ്പുകൾ പൂർണമായും മണ്ണിനടിയിലായി. ഓരോ വീട്ടുകാരും സ്വന്തമായി പൈപ്പുകൾ ഇട്ടിരുന്നു. ആവശ്യമായ പൈപ്പുകൾ പ്രദേശങ്ങളിലെ കടകളിൽ ലഭിക്കുന്നില്ല. ’നിലമ്പൂരിന് ഒരുകൈ സഹായ’വുമായി വിദൂരങ്ങളിൽനിന്ന് എത്തുന്നവർ അരയിഞ്ച് വ്യാസമുള്ള പൈപ്പുകൾ എത്തിച്ചാൽ വലിയ സഹായമാകുമെന്ന് ഇവർ പറയുന്നു. ഭൂമിക്കടിയിൽ പ്രത്യേകതരം കല്ലുകൾ ഉള്ളതിനാൽ ഈ ഭാഗങ്ങളിൽ കിണർ കുഴിക്കാൻ കഴിയില്ല.