എടക്കര: തകർന്ന തടയണവഴി വെള്ളം ഒഴുകിപ്പോകുന്നു, എടക്കരയിൽ കുടിവെള്ളവിതരണവും ജലസേചനവും പ്രതിസന്ധിയിലേക്ക്‌. പുന്നപ്പുഴയിലെ കാറ്റാടിക്കടവിലുള്ള ജലസേചനവകുപ്പിന്റെ പമ്പ് ഹൗസിനോട് ചേർന്നുളള തടയണയിലെ പലകകളാണ് തകർന്നത്. കാറ്റാടി ശുദ്ധജല വിതരണപദ്ധതിയുടെ പമ്പ് ഹൗസും ഇവിടെയാണ്.

മൂന്നുവർഷം മുൻപാണ് ഒരുകോടി രൂപ ചെലവിൽ കോൺക്രീറ്റിൽ തടയണ പണിതത്. എന്നാൽ പലകകൾ കൊണ്ടാണ് ഷട്ടർ നിർമ്മിച്ചത്. വെള്ളപ്പൊക്കത്തിൽ ഒഴുകിയെത്തിയ മരവും മുളങ്കൂട്ടങ്ങളും തട്ടിയാണ് പലകകൾ തകർന്നത്. ഇതോടെ വെള്ളം പൂർണമായും ഒഴുകിപ്പോകുകയാണ്‌.

എടക്കര പഞ്ചായത്തിലെ മുഴുവൻ പ്രദേശങ്ങളിലും വഴിക്കടവിലെ മുണ്ടയിലും കുടിവെള്ളം എത്തിക്കുന്നത് ഇവിടെ നിന്നാണ്. എഴുനൂറോളം ഗാർഹിക കണക്‌ഷനുമുണ്ട്. നൂറിലധികം പൊതുടാപ്പുകളും. മേനോൻപൊട്ടി, കലാസാഗർ പ്രദേശത്തേക്ക്‌ കൃഷിക്ക്‌ ആവശ്യമായ വെള്ളം കനാൽ വഴി എത്തിക്കുന്നതും ഇവിടെനിന്നാണ്. എടക്കരയില ഏറ്റവും കൂടുതൽ വേനൽക്കാല കൃഷിയുളള പാടശേഖരങ്ങളാണ്. കിണറുകളിൽ ജലനിരപ്പ് ഉയരുന്നത് പാടശേഖരങ്ങളിലേക്ക് കനാൽവഴി വെള്ളം എത്തിക്കുമ്പോഴാണ്. എന്നാൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പുഴയിൽ ജലനിരപ്പ് ഇപ്പോൾ തന്നെ കുറവാണെന്ന് നാട്ടുകാർ പറയുന്നു. പുഴയിലെ വെള്ളം വറ്റിയാൽ പ്രദേശം കടുത്ത ജലക്ഷാമത്തിലേക്ക് നീങ്ങുമെന്ന് നാട്ടുകാർ പറയുന്നു. ജലസേചനവകുപ്പിന്റെയോ ഗ്രാമപ്പഞ്ചായത്തിന്റെയോ ഫണ്ട് ഉപയോഗിച്ച് പുതിയ തടയണ സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.