എടക്കര : പെരുന്നാൾ തലേന്ന് എടക്കരയിൽ അനുഭവപ്പെട്ടത് വൻ ജനത്തിരക്ക്. നിലമ്പൂർ ടൗൺ കണ്ടെയ്ൻമെന്റ് സോണാക്കി പ്രഖ്യാപിച്ചതോടെയാണ് എടക്കരയിലെ വ്യാപാരകേന്ദ്രങ്ങൾതേടി ആളുകൾ എത്തിയത്.

നിലമ്പൂർ ടൗണിലെ കടകളെല്ലാം അടഞ്ഞുകിടക്കുകയാണ്. കരുളായി, മൂത്തേടം, അമരമ്പലം, ചാലിയാർ, ചുങ്കത്തറ പ്രദേശങ്ങളിലെ ആയിരക്കണക്കിന് ആളുകളാണ് സാധനങ്ങൾ വാങ്ങാൻ എടക്കരയിലേക്ക് ഒഴുകിയെത്തിയത്. കോവിഡ് മാനദണ്ഡങ്ങൾ മിക്കയിടങ്ങളിലും പാലിക്കാനായില്ല.

തുണിക്കടകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. നൂറുകണക്കിന് വാഹനങ്ങൾ എത്തിയതോടെ എടക്കരയിൽ മണിക്കൂറുകൾനീണ്ട വാഹനതടസ്സവും നേരിട്ടു.