എടക്കര : വേണമെങ്കിൽ വാട്‌സ് ആപ്പിലൂടെയും പച്ചപ്പുപടർത്താം. 'ജീവനം' വാട്‌സ്ആപ് കൂട്ടായ്മയിലൂടെ ലോക്ഡൗൺ കാലത്ത് കൃഷിയെ ആഘോഷമാക്കി മാറ്റി എടക്കരയിലെ കർഷകക്കൂട്ടായ്മ.

നിലം ഒരുക്കുന്നതും വിത്തിടുന്നതും കള പറിക്കുന്നതും വളം ഇടുന്നതും വിളവെടുക്കുന്നതിന്റെയും നൂറുകണക്കിന് ചിത്രങ്ങളാണ് ഇവരുടെ വാട്‌സ് ആപ്പിൽ നിറയുന്നത്.

കൂട്ടായ്മയുടെ കഥ

എടക്കര കൃഷിഭവന്റെ കീഴിലുള്ള അഞ്ഞൂറോളം കർഷകർ കൂട്ടായ്മയിലുണ്ട്. ഒരുവർഷം മുൻപ് 250-ഓളം ആളുകളാണ് കൂട്ടായ്മയിലുണ്ടായിരുന്നത്. കാർഷിക അറിയിപ്പുകൾ കർഷകർക്ക് നൽകാനായിരുന്നു കൂട്ടായ്മയുണ്ടാക്കിയത്.

ലോക്ഡൗണിൽ കർഷകർക്ക് കൃഷി ഓഫീസിലേക്ക് എത്താനുളള തടസ്സം കൂട്ടായ്മയെ സജീവമാക്കി. കൃഷിയിടങ്ങളിൽനിന്നുള്ള ചിത്രങ്ങൾ അയക്കാൻ തുടങ്ങിയത് കൂടുതൽ ആളുകളെ കൃഷിയിലേക്ക് ആകർഷിക്കാൻ കാരണമായി. ഇതോടെ ഇത്തിരി സ്ഥലത്തുപോലും നിരവധിപേർ കൃഷി തുടങ്ങി.

ആവശ്യമുള്ള വിത്തുകളെക്കുറിച്ചും കൃഷിയെക്കുറിച്ച് സംശയങ്ങളും വാട്‌സ്ആപ്പിലൂടെ എത്തും. മികച്ച കർഷകരും കൃഷി ഉദ്യോഗസ്ഥരും ഉടൻ മറുപടി നല്കും. ഉദ്യോഗസ്ഥർ കൃഷി സ്ഥലങ്ങൾ സന്ദർശിച്ച് ആവശ്യമായ നിർദേശങ്ങൾ നല്കും.

കൃഷി അസിസ്റ്റന്റ് ശ്രിജയ് ശ്രീരാഗമാണ് അഡ്മിൻ. കൃഷി ഓഫീസർ ബെന്നി സെബാസ്റ്റ്യൻ, കൃഷി അസിസ്റ്റന്റ് സനീഷ് എന്നിവരും കൂട്ടായ്മക്ക് നേതൃത്വം നല്കുന്നു.

പുത്തൻകൃഷികൾ

150-ഓളം ആളുകൾ പുതിയതായി കൃഷി തുടങ്ങിയവരാണ്. ടെറസ് കൃഷി, പൂകൃഷി, കൂൺകൃഷി, അടുക്കളത്തോട്ടം, മീൻ കൃഷി എന്നിവ വ്യാപകമായി. തരിശായി കിടന്ന 15-ഓളം ഏക്കർ സ്ഥലത്ത് നെൽകൃഷി തുടങ്ങി. സംസ്ഥാന സർക്കാരിന്റെ ജീവനി, സുഭിക്ഷകേരളം, ഓണത്തിന് ഒരുമുറം പച്ചക്കറി തുടങ്ങിയ പദ്ധതികളെ കൂടുതൽ മികവുറ്റതാക്കാൻ ഇതോടെ കൃഷിവകുപ്പിന് കഴിഞ്ഞു. അധ്യാപകരും സർക്കാർ ജീവനക്കാരും ഉൾപ്പെടെയുള്ളവരാണ് ഗ്രൂപ്പിലുള്ളത്.