എടക്കര : ചെറിയക്ലാസുകളിൽ പഠനം അവസാനിപ്പിച്ച് ഗോത്രവർഗ ഊരുകളിൽ ഒതുങ്ങിയ കുട്ടികളെ വിദ്യയുടെ ലോകത്തേക്ക് തിരിച്ചെത്തിച്ച എടക്കരയിലെ എക്‌സൈസ് ജീവനക്കാർക്ക് ആഹ്ലാദിക്കാം. ആദ്യവർഷം തന്നെ അവരുടെ ശ്രമത്തിന് മികച്ച ഫലം. ഉപ്പട മലച്ചി കോളനിയിലെ ബിന്ദുവാണ് പത്താംക്ലാസിൽ 75 ശതമാനം മാർക്കോടെ മികച്ചവിജയം നേടിയത്.

ഉൾവനങ്ങളിലെ പട്ടികവർഗ കോളനികളിൽ നിന്നും പഠനം ഉപേക്ഷിച്ച പത്ത് കുട്ടികളെയാണ് ഇവർ കഴിഞ്ഞവർഷം പഠനവഴിയിലേക്ക് തിരിച്ചെത്തിച്ചത്. പോത്തുകല്ല് പഞ്ചായത്തിലെ ഉൾവനങ്ങളിലെ കോളനികളായ വാണിയംപുഴ, ഇരുട്ടുകുത്തി, തരിപ്പപ്പൊട്ടി എന്നിവിടങ്ങളിൽ നിന്നുള്ള ഇവരെ മണിമൂളി ക്രൈസ്റ്റ് കിങ് ഹൈസ്കൂളിൽ ചേർക്കുകയും സമീപത്തെ പട്ടികവർഗ ഹോസ്റ്റലിൽ താമസം ഒരുക്കുകയും ചെയ്തു.

രണ്ടുവർഷം മുൻപ് പഠനം ഉപേക്ഷിച്ച ബിന്ദുവും ഇവരിൽ ഉൾപ്പെട്ടിരുന്നു. മറ്റ് കുട്ടികൾ വിവിധ ക്ലാസുകളിലാണ് പഠിക്കുന്നത്. ‌കുട്ടികളെ സ്കൂളിൽ എത്തിക്കാൻ ഏറെ പരിശ്രമങ്ങൾ ഇവർക്ക് ചെയ്യേണ്ടിവന്നു. മുഴുവൻ പഠനച്ചെലവുകളും ഓഫീസിലെ ജീവനക്കാരാണ് വഹിച്ചത്.

മലച്ചി കോളനിയിൽ നടന്ന ചടങ്ങിൽ ബിന്ദുവിന് പ്ലസ് വൺ പഠനത്തിന് ആവശ്യമായ ബാഗ് ഉൾപ്പെടെയുള്ള സാമഗ്രികൾ സമ്മാനമായി നൽ‌കി. എക്സൈസ് ഇൻസ്പെക്ടർ എ. അബൂബക്കർ സിദ്ദീഖ്, പ്രിവന്റീവ് ഓഫീസർ പി. രാമചന്ദ്രൻ, ബി. ഹരിദാസൻ, സിവിൽ എക്സൈസ് ഓഫീസർമാരായ പി.എസ്. ദിനേശ്, കെ.വി. വിപിൻ, ഫെസിലിറ്റേറ്റർ സുരേഷ് ബാബു എന്നിവർ പ്രസംഗിച്ചു.