എടക്കര : നാടുകാണിച്ചുരം വഴി ഗൂഡല്ലൂരിലേക്ക് പോകാനായി കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് ദിവസവും വഴിക്കടവിൽ എത്തുന്നത് ഒട്ടേറെ യാത്രാവാഹനങ്ങൾ.

വിദേശത്തുനിന്നെത്തുന്ന പ്രവാസികളുമായിട്ടാണ് ടാക്സി ഉൾപ്പെടെയുള്ള ചെറു യാത്രാവാഹനങ്ങൾ എത്തുന്നത്. ലോക്‌ഡൗണിനെത്തുടർന്ന് യാത്രാവാഹനങ്ങൾക്ക് ഇതുവഴി നിയന്ത്രണം ഏർപ്പെടുത്തിയിട്ട് മാസങ്ങളായി. ചരക്കുവാഹനങ്ങൾക്ക് മാത്രമാണ് ചുരംവഴി കടന്നുപോകാൻ അനുമതിയുള്ളത്. നാടുകാണി, പന്തല്ലൂർ, ദേവാല, ഗൂഡല്ലൂർ മുതലായ പ്രദേശങ്ങളിലേക്കുള്ള ആളുകളാണ് വാഹനത്തിലുണ്ടാകുക. ചുരത്തിലെ ആനമറിയിലെ ചെക്ക്പോസ്റ്റിൽ ഇവരുടെ വാഹനങ്ങൾ തടഞ്ഞിടും. പിന്നീട് വാഹനങ്ങൾ കടത്തിവിടാനായി ചെക്ക്പോസ്റ്റ് അധികൃതരുമായി വാക്കേറ്റവും അവസാനം യാചനയും ഇവർ നടത്തും. അധികൃതർ യാത്രാനുമതി നിഷേധിക്കുന്നതിനെത്തുടർന്ന് വാഹനങ്ങൾ മടങ്ങിപ്പോകും.