എടക്കര : പാലേമാട്ടുക്കാർക്ക് ആശ്വസിക്കാം. ആന്റിജൻ ടെസ്റ്റിന് വിധേയമായ 70 പേരുടെയും പരിശോധനാഫലം നെഗറ്റീവ്.

പ്രദേശത്ത് അഞ്ച് പേർക്ക് കോവിഡ് ബാധിച്ചതിനെത്തുടർന്ന് ആരോഗ്യ പ്രവർത്തകർ നടത്തിയ സർവേയിൽ രോഗസാധ്യത കണ്ടെത്തിയവർക്കാണ് എടക്കര കരുനെച്ചി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ കോവിഡ് ടെസ്റ്റ് നടത്തിയത്. കണ്ടെയ്‌മെന്റ് സോണായി പ്രഖ്യാപിച്ച പാലേമാട്, പള്ളിപ്പടി, പായിമ്പാടം, വഴിക്കടവ് പഞ്ചായത്തിലെ ഒന്നാംപടി വാർഡുകളിലെ ആളുകളാണ് ആദ്യ ദിവസം പരിശോധനയ്ക്ക് എത്തിച്ചത്. കഴിഞ്ഞ ആഴ്ച പനി, കഫക്കെട്ട് തുടങ്ങി രോഗലക്ഷണങ്ങളുമായി ആശുപത്രിയിൽ എത്തിയവരേയും പരിശോധനയ്ക്ക് വിധേയമാക്കി. മുഴുവൻ ആളുകളുടെയും പരിശോധന ഫലം നെഗറ്റീവ് ആണെങ്കിലും 19 പേരുടെ സ്രവങ്ങൾ വിദഗ്ധ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. 200 ആളുകളെ പരിശോധിക്കാനുള്ള ആന്റിജൻ കിറ്റുകളാണ് ഇവിടെ എത്തിച്ചിരുന്നത്. പോലീസ്, വ്യാപാരികൾ, ട്രോമ കെയർ അംഗങ്ങൾ, സ്വകാര്യ ആശുപത്രികളിലെ ജീവനക്കാർ, മീൻ, ഇറച്ചി വില്പനക്കാർ എന്നിവരെയാണ് ഇനി പരിശോധിക്കാനുള്ളത്.

ഇവരുടെ പരിശോധന അടുത്ത ദിവസം നടക്കും. പരിശോധനയുടെ ഉദ്ഘാടനം രാവിലെ പഞ്ചായത്ത് പ്രസിഡന്റ് ആലീസ് അമ്പാട്ട് നിർവഹിച്ചു. ഡോ. ചാച്ചി, ഡോ. ജാബിദ്, ഡോ. റഹ്‌മാൻ, ഡോ. ദീപ, ഡോ. അനീഷ് റഹ്‌മാൻ, സി.ഐ. മനോജ് പറയറ്റ, കബീർ പനോളി, എം.കെ. ചന്ദ്രൻ, ഹുസൈൻ പാലേമാട്, ദീപ ഹരിദാസ്, ട്രോമ കെയർ അംഗങ്ങൾ, രാഷ്ട്രീയപ്പാർട്ടി പ്രവർത്തകർ എന്നിവർ പ്രസംഗിച്ചു.